ധനകാര്യ സ്ഥാപനത്തില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി ജീവനക്കാരി മുങ്ങിയതായി പരാതി. തൃശ്ശൂര്‍ വലപ്പാടിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. സ്ഥാപനത്തിലെ അസിസ്റ്റന്റ് മാനേജര്‍ കൊല്ലം സ്വദേശിനി ധന്യ മോഹനെതിരെയാണ് പരാതി. വ്യാജ അക്കൗണ്ടുകളിലേക്ക് പണം മാറ്റി കോടിക്കണക്കിന് രൂപ യുവതി തട്ടിയെടുത്തെന്നാണ് ആരോപണം.
18 വര്‍ഷത്തോളം സ്ഥാപനത്തില്‍ ജോലി ചെയ്തതിനുശേഷം ആണ് യുവതി തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ വലപ്പാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2019 മുതല്‍ വ്യാജ ലോണുകള്‍ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. കമ്പനിയുടെ ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ അക്കൗണ്ടില്‍നിന്ന് ഇവരുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം കൈമാറി 20 കോടിയോളം രൂപ തട്ടി.
പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ സ്ഥാപനത്തില്‍ നിന്നും ശാരീരിക ബുദ്ധിമുട്ട് അഭിനയിച്ച് ഇറങ്ങിപ്പോയി. തുടര്‍ന്ന് മറ്റാരുടെയോ സഹായത്തോടെ രക്ഷപ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്. വീടും സ്ഥലവും ആഡംബര വസ്തുക്കളും ധന്യ വാങ്ങിയതായും സംശയിക്കുന്നുണ്ട്. 18 വര്‍ഷമായി തിരുപഴഞ്ചേരി അമ്പലത്തിനടുത്തുള്ള വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്.