വലപ്പാട് മണപ്പുറം കോംപ്ടക് ആന്‍ഡ് കണ്‍സള്‍ട്ടന്റ് ലിമിറ്റഡില്‍ നിന്ന് കോടികള്‍ തട്ടിയ സംഭവത്തില്‍ പ്രതി ധന്യ മോഹനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. റൂറല്‍ എസ്.പി നവനീത് ശര്‍മ്മയുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍. പണമിടപാടുകള്‍ നടന്ന അക്കൗണ്ടുകള്‍ അന്വേഷണ സംഘം ഫ്രീസ് ചെയ്തിട്ടുണ്ട്. കേസില്‍ ധന്യയുടെ ബന്ധുക്കളേയും പ്രതികളാക്കുമെന്നും സൂചനയുണ്ട്.
അഞ്ച് അക്കൗണ്ടുകൾ ധന്യയുടെ പേരിലുണ്ടെന്നാണ് കണ്ടെത്തൽ. ഭര്‍ത്താവിന്റെയും പിതാവിന്റെയും അടക്കം എട്ട് അക്കൗണ്ടുകളിലായാണ് ധന്യ സാമ്പത്തിക ഇടപാടുകള്‍ നടത്തിയത്. ഈ അക്കൗണ്ടുകള്‍ക്ക് കേന്ദ്രീകരിച്ച് അഞ്ചുവര്‍ഷത്തിനിടെ 8000 തവണകളിലായി ഇടപാടുകള്‍ നടത്തിയതായാണ് കണ്ടെത്തല്‍. ധന്യയുടെ ഭര്‍ത്താവ്, അച്ഛന്‍, അമ്മ എന്നിവരുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്തിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
Also Read:
കഴിഞ്ഞ ദിവസമാണ് തൃശൂര്‍ വലപ്പാട് മണപ്പുറം കോംപ്ടക് ആന്‍ഡ് കണ്‍സള്‍ട്ടന്റ് ലിമിറ്റഡില്‍ നിന്ന് 19.94 കോടി രൂപ തട്ടിയെടുത്ത് അസിസ്റ്റന്റ് ജനറല്‍ മാനേജറായ ധന്യ മോഹന്‍ മുങ്ങിയതായ വാര്‍ത്ത പുറത്തുവന്നത്. ഇരുപത് വര്‍ഷമായി സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു ധന്യ. ഇന്നലെ വൈകിട്ടോടെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ഇവര്‍ കീഴടങ്ങി.
അഞ്ച് വര്‍ഷം കൊണ്ടാണ് ധന്യ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. ഏഴംഗ പ്രത്യേക സംഘം രൂപീകരിച്ചാണ് കേസ് അന്വേഷിക്കുന്നത്. ജൂലൈ 23ന് സ്ഥാപനം ധന്യയ്‌ക്കെതിരെ പരാതി നല്‍കിയത്. സ്ഥാപനത്തില്‍ നടന്ന പരിശോധനയില്‍ 80 ലക്ഷം രൂപയുടെ തട്ടിപ്പാണ് ആദ്യം കണ്ടെത്തിയത്. പിടിയിലാവും എന്ന ഘട്ടത്തില്‍ യുവതി ശാരീരിക ബുദ്ധിമുട്ടെന്ന് പറഞ്ഞാണ് ഓഫീസില്‍ നിന്നും പോയത്. ഇതിനു പിന്നാലെ ധന്യയും കുടുംബവും ഒളിവിലായിരുന്നു. വിശദപരിശോധനയിലാണ് 19.94 കോടി രൂപ തട്ടിയിട്ടുണ്ടെന്ന് വ്യക്തമായത്.