ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢായി ആള്‍മാറാട്ടം നടത്തി വർധമാന്‍ ഗ്രൂപ് മേധാവി എസ്.പി. ഓസ്‌വാളിനെ ഡിജിറ്റല്‍ അറസ്റ്റില്‍ കുടുക്കി തട്ടിപ്പ് സംഘം. 7 കോടി രൂപയാണ് പ്രമുഖ ടെക്സ്റ്റയിൽ നിർമാണ സ്ഥാപനത്തിന്‍റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഓസ്‌വാളില്‍ നിന്നും തട്ടിയെടുത്തത്. ഇതില്‍ 5 കോടി രൂപ അക്കൗണ്ട് മരവിപ്പിച്ച് പൊലീസ് തിരിച്ചുപിടിച്ചിട്ടുണ്ട്.
സെപ്റ്റംബർ 28നാണ് തട്ടിപ്പ് സംഘത്തില്‍ നിന്നും ഓസ്‌വാളിന് ആദ്യ ഫോണ്‍ കോള്‍ വരുന്നത്. സിബിഐയുടെ കൊളാബ ഓഫീസില്‍ നിന്നുമാണെന്ന് സ്വയം പരിചയപ്പെടുത്തിയായിരുന്നു കോള്‍. ഒസ്‌വാളിന്‍റെ പേരില്‍ ആരോ വ്യാജ മൊബൈല്‍ നമ്പർ എടുത്തിട്ടുണ്ടെന്നും അത് ഉപയോഗിച്ച് കാനറ ബാങ്കില്‍ നിന്നും എടുത്ത അക്കൗണ്ടില്‍ സാമ്പത്തിക ക്രമക്കേടുകളുണ്ടെന്നും സംഘം അറിയിച്ചു. ഫോണ്‍ കോള്‍ വീഡിയോ കോളാക്കിയ ശേഷം അവർ കാനറ ബാങ്കിലെ അക്കൗണ്ടിലെ ക്രമക്കേടുകള്‍ വ്യവസായി നരേഷ് ഗോയലുമായി ബന്ധപ്പെടുത്തിയാണെന്ന് കണ്ടെത്തിയതായി ഓസ്‌വാളിനോട് പറഞ്ഞു.
ജെറ്റ് എയർവേസ് മുന്‍ ചെയർമാനായ നരേഷ് ഗോയല്‍ കഴിഞ്ഞ വർഷമാണ് കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഒസ്‌വാള്‍ ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും സംഘം വെറുതെ വിട്ടില്ല. ബാങ്ക് ആക്കൗണ്ട് ഓസ്‌വാളിന്‍റെ ആധാർ വിവരങ്ങള്‍ ഉപയോഗിച്ചാണ് എടുത്തിരിക്കുന്നത് എന്നായിരുന്നു സംഘത്തിന്‍റെ വാദം. ജെറ്റ് എയർവേസില്‍ യാത്ര ചെയ്തപ്പോള്‍ കൊടുത്ത വിവരങ്ങളായിരിക്കും ഉപയോഗിച്ചിരിക്കുകയെന്ന് ഒസ്‍വാള്‍ സംശയം പ്രകടിപ്പിച്ചു.
ഇത് അംഗീകരിച്ച തട്ടിപ്പ് സംഘം പൂർണമായി സഹകരിച്ചാല്‍ എല്ലാ വിധ സഹായങ്ങളും സംരക്ഷണവും വാഗ്ദാനം ചെയ്തു. തുടർന്ന് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായി എത്തിയ വ്യക്തി ഓസ്‌വാളിന്‍റെ പേരിലുള്ള കുറ്റങ്ങള്‍ വിസ്തരിക്കുകയും അറസ്റ്റ് വാറന്‍റ് നല്‍കുകയും ചെയതു. വാറന്‍റില്‍ ഇഡിയുടെ മോണോഗ്രാമും മുംബൈ പൊലീസിന്‍റെ സീലുമുണ്ടായിരുന്നു എന്ന് എസ്.പി. ഓസ്‌വാള്‍ വെളിപ്പെടുത്തി.
Also Read: ഗുജറാത്തിലെ ബുൾഡോസർ രാജ്: കളക്ടർക്കെതിരെ സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി
വീഡിയോ കോളില്‍ ഉദ്യോഗസ്ഥർ ചമഞ്ഞ് വന്നവർ സിവില്‍ ഡ്രസും തിരിച്ചറിയല്‍ രേഖയും ധരിച്ചിരുന്നതായി ഓസ്‍വാള്‍ പറയുന്നു. ഇവരുടെ പുറകില്‍ ദേശീയ പതാകയും കാണാം. വീഡിയോ കോളിനിടയില്‍ ഇവർ വ്യാജ കോടതി മുറിയും അവിടെ ഡി.വൈ. ചന്ദ്രചൂഢെന്ന വ്യാജേന ഒരാളെയും തയ്യാറാക്കിയിരുന്നു. കേസ് കേട്ട വ്യാജ ചീഫ് ജസ്റ്റിസ് വിധി പറയുകയും പകർപ്പ് ഓസ്‌വാളിന്‍റെ വാട്‌സാപ്പ് നമ്പറില്‍ അയച്ചുകൊടുക്കുകയും ചെയ്തു. വിവിധ അക്കൗണ്ടുകളിലായി 7 കോടി രൂപ നിക്ഷേപിക്കാനായിരുന്നു തുടർന്നുള്ള നിർദേശം. ഇതൊക്കെ നടക്കുമ്പോള്‍ തട്ടിപ്പ് സംഘത്തിന്‍റെ വീഡിയോ നിരീക്ഷണത്തിലായിരുന്നു ഓസ്‍വാള്‍. ഇരിപ്പിടത്തില്‍ നിന്നും മാറുമ്പോള്‍ വീഡിയോ കോള്‍ ചെയ്യുന്ന ഫോണും കൂടെ കരുതാനായിരുന്നു സംഘം നല്‍കിയ നിർദേശം.
Also Read: കേരളത്തില്‍ തൊഴിലില്ലായ്മ രൂക്ഷം, വ്യാവസായിക പുരോഗതിയില്ല: വിമര്‍ശനവുമായി പ്രകാശ് ജാവദേക്കര്‍
സെപ്റ്റംബർ 31ന് ഓസ്‌വാള്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സൈബർ ക്രൈം യൂണിറ്റിന്‍റെ സഹായത്തോടെ മൂന്ന് അക്കൗണ്ടുകളില്‍ നിന്നായി 5.25 കോടി രൂപ പൊലീസ് തിരിച്ചു പിടിച്ചു. പൊലീസ് റിപ്പോർട്ട് പ്രകാരം, ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ ഇന്ത്യയിലെ ഏറ്റവും വലിയ റിക്കവറിയാണിത്. തട്ടിപ്പിനു പിന്നില്‍ അന്തർ സംസ്ഥാന സംഘമാണെന്നാണ് പൊലീസിന്‍റെ നിഗമനം. അതനു ചൗധരി, ആനന്ദ് കുമാർ എന്നിങ്ങനെ രണ്ട് പ്രതികളെ അസമിലെ ഗുവാഹത്തിയില്‍ നിന്നും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.