ഇറ്റാലിയന്‍ മെത്രാപ്പൊലീത്ത കാര്‍ലോ മരിയ വിഗാനോ 
NEWSROOM

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കടുത്ത വിമര്‍ശകൻ ഇറ്റാലിയന്‍ മെത്രാപ്പൊലീത്ത കാര്‍ലോ മരിയ വിഗാനോയെ സഭയില്‍ നിന്നും വത്തിക്കാന്‍ പുറത്താക്കി

മതപരമായ ഭിന്നിപ്പാരോപിച്ചാണ് മെത്രാപ്പൊലീത്തയെ പുറത്താക്കിയിരിക്കുന്നതെന്നാണ് വത്തിക്കാന്‍ വെള്ളിയാഴ്ച അറിയിച്ചത്

Author : ന്യൂസ് ഡെസ്ക്

ഇറ്റാലിയന്‍ മെത്രാപ്പൊലീത്തയും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കടുത്ത വിമര്‍ശകനുമായ കാര്‍ലോ മരിയ വിഗാനോയെ സഭയില്‍ നിന്നും പുറത്താക്കിയതായി വത്തിക്കാന്‍. മതപരമായ ഭിന്നിപ്പാരോപിച്ചാണ് മെത്രാപ്പൊലീത്തയെ പുറത്താക്കിയിരിക്കുന്നതെന്നാണ് വത്തിക്കാന്‍ വെള്ളിയാഴ്ച അറിയിച്ചത്. 1960 ലെ രണ്ടാമത്തെ വത്തിക്കാന്‍ കൗണ്‍സില്‍ എടുത്ത പുരോഗമനപരമായ പരിഷ്‌ക്കരണങ്ങളെയും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അധികാരത്തെയും അംഗീകരിക്കാത്ത മെത്രാപ്പൊലീത്തയുടെ നിലപാടുകളാണ് ഭിന്നിപ്പായി സഭ നിരീക്ഷിച്ചത്.

തീവ്ര വലതുപക്ഷ ചിന്താഗതി പുലര്‍ത്തിയിരുന്ന കാര്‍ലോ മരിയ വിഗാനോ പരസ്യമായി ഫ്രാന്‍സിസ് മാര്‍പാപ്പയെ 'വ്യാജ പ്രവാചകന്‍' എന്നും 'സാത്താന്‍റെ സേവകന്‍' എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. വലത് ഗൂഢാലോചന സിദ്ധാന്തങ്ങളില്‍ വിശ്വസിച്ചിരുന്ന മെത്രാപ്പൊലീത്ത മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിനെ പ്രകീര്‍ത്തിച്ചിട്ടുമുണ്ട്.

സഭയില്‍ നിന്നും ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടെങ്കിലും കാര്‍ലോ മരിയ വിഗാനോയ്ക്ക് മെത്രാപ്പൊലീത്ത പട്ടം നഷ്ടമാവില്ല. എന്നാല്‍ കുര്‍ബാന കൂടാനോ ആത്മീയ ശുഷ്രൂഷ നല്‍കാണോ സ്വീകരിക്കാനോ സഭയുടെ അധികാര ശ്രേണിയില്‍ ഏതെങ്കിലും പദവിയിലിരിക്കാനോ സാധിക്കില്ല. വെള്ളിയാഴ്ച തന്‍റെ എക്‌സ് അക്കൗണ്ടിലൂടെ പുറത്താക്കിയത് അറിയിച്ചു കൊണ്ടുള്ള വത്തിക്കാന്‍ ഉപദേശക കൗണ്‍സില്‍ തീരുമാനത്തിന്‍റെ മുഴുവന്‍ രേഖയും പങ്കു വെച്ച മെത്രാപ്പൊലീത്ത തന്‍റെ അനുയായികളോട് പ്രതികരിക്കുവാനും ആഹ്വാനം ചെയ്തിരുന്നു.

2015ല്‍ യു എസ് അംബാസിഡറായിരിക്കുന്ന സമയത്ത് സ്വവര്‍ഗാനുരാഗ വിമര്‍ശകരില്‍ ഒരാളെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അമേരിക്കയിലേക്ക് സ്വാഗതം അറിയിക്കുവാനായി മെത്രാപ്പൊലീത്ത നിയോഗിച്ചത്. മാര്‍പാപ്പയുടെ എല്‍ജിബിടിക്യൂ അനുകൂല നിലപാടുകളോട്  മെത്രാപ്പൊലീത്തയ്ക്കുള്ള വിയോജിപ്പ് അറിയിക്കാനായിരുന്നു ഇങ്ങനെ ചെയ്തതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

2018ല്‍ 7000 വാക്കുകളില്‍ ഒരു വിമര്‍ശന കത്തും വത്തിക്കാന് മെത്രാപ്പൊലീത്ത സമര്‍പ്പിച്ചിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയും വത്തിക്കാന്‍ അധികാരികളും ചേര്‍ന്ന് ഒരു അമേരിക്കന്‍ കര്‍ദിനാളിന്‍റെ ലൈംഗീക ചൂഷണം മറച്ചു വെച്ചുവെന്നായിരുന്നു കത്തിലെ ആരോപണം. വൈദികരില്‍ നിന്നുമുണ്ടായിട്ടുള്ള ലൈംഗീക ചൂഷണ വിവാദങ്ങളില്‍ മാപ്പ് ചോദിച്ചു കൊണ്ടുള്ള മാര്‍പാപ്പയുടെ അയര്‍ലന്‍ഡ് പര്യടന സമയത്ത് പുറത്തുവന്ന ഈ കത്ത് വലിയ കോളിളക്കങ്ങള്‍ക്ക് കാരണമായിരുന്നു. മെത്രാപ്പൊലീത്തയുടെ ഇത്തരം നിലപാടുകളുടെ അനന്തര ഫലമാണ് പുറത്താക്കലില്‍ എത്തിനില്‍ക്കുന്നത്.

SCROLL FOR NEXT