NEWSROOM

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി; വെൻ്റിലേറ്റർ സഹായമില്ലാതെ ശ്വസിക്കുന്നതായി വത്തിക്കാന്‍

ശ്വാസകോശത്തിലെ അണുബാധ നിയന്ത്രണവിധേയമായതായും, വത്തിക്കാൻ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

ചികിത്സയിൽ തുടരുന്ന മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി വത്തിക്കാൻ. ആരോഗ്യനിലയിൽ വലിയ പുരോഗതി ഉള്ളതായാണ് വത്തിക്കാൻ പുറത്തുവിടുന്ന റിപ്പോർട്ട്. വെന്‍റിലേറ്ററിന്‍റെ സഹായമില്ലാതെ ശ്വസിക്കുന്നതായും, ശ്വാസകോശത്തിലെ അണുബാധ നിയന്ത്രണവിധേയമായതായും, വത്തിക്കാൻ അറിയിച്ചു. ഫെബ്രുവരി 14 നാണ് 88 വയസുള്ള മാർപാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റോമിലെ അഗസ്റ്റിനോ ഗമേലി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ചതോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഫ്രാൻസിസ് മാർപാപ്പയ്ക്ക് പോളി മൈക്രോബയല്‍ അണുബാധയുണ്ടെന്നായിരുന്നു നേരത്തെ കണ്ടെത്തിയിരുന്നത്. ഇതിനായുള്ള പ്രത്യേക തെറാപ്പി ചികിത്സയും മാർപാപ്പയ്ക്ക് നൽകിയിട്ടുണ്ട്. പ്ലൂറിസി എന്ന അസുഖത്തെ തുടർന്ന് 21ാം വയസില്‍ മാർപാപ്പയുടെ ശ്വാസകോശത്തിന്‍റെ ഒരു ഭാഗം നീക്കംചെയ്തിരുന്നു. അതിനാൽ തന്നെ തുടർച്ചയായ ശ്വാസകോശ അണുബാധകള്‍ക്ക് സാധ്യതയേറെയാണ്. സമീപ വർഷങ്ങളിൽ, അദ്ദേഹം വൻകുടലിൽ ശസ്ത്രക്രിയയ്ക്കും ഹെർണിയ ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു.

മാർപാപ്പയുടെ രക്തത്തില്‍ വൈറസ്, ഫംഗസ്, ബാക്ടീരിയ എന്നീ വിവിധങ്ങളായ അണുക്കളുടെ സാന്നിധ്യമുള്ളതുകൊണ്ട് അതിശക്തമായ മരുന്നുകളടങ്ങിയ ചികിത്സയ്ക്ക് വിധേയനായിരിക്കുന്ന അദ്ദേഹത്തിന്‍റെ രക്തത്തിൽ ബാക്ടീരിയ കടന്നുകൂടിയാൽ അത് രോഗപ്രതിരോധ സംവിധാനത്തെ താറുമാറാക്കുകയും രക്തത്തെ ദുഷിപ്പിക്കുകയും ചെയ്യുന്ന സെപ്സിസ് (sepsis) ആയി പരിണമിക്കുമെന്നും വൈദ്യസംഘം അറിയിച്ചിരുന്നു.



തന്‍റെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ പുറംലോകത്തില്‍ നിന്നും മറച്ചുവയ്ക്കരുതെന്നും സത്യം വെളിപ്പെടുത്തണമെന്നും പാപ്പാ വ്യക്തമാക്കിയിട്ടുണ്ടെന്ന കാര്യവും മെഡിക്കൽ സംഘത്തിന്‍റെ മേധാവിയായ ഡോക്ടർ സേർജൊ അൽഫിയേരി അറിയിച്ചിരുന്നു. ഇതിനു മുമ്പ് മൂന്നു തവണ അദ്ദേഹം ഇതേ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിട്ടുണ്ട്. 2021 ജൂലൈ 4ന് വൻകുടൽ ശസ്ത്രിക്രിയയ്ക്കായും 2023 മാർച്ചിൽ ശ്വാസനാള വീക്കത്തെതുടർന്ന് ചികിത്സയ്ക്കായും അക്കൊല്ലം തന്നെ ജൂണിൽ ഉദരശസ്ത്രക്രിയയ്ക്കായും പാപ്പാ ജെമേല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു.


SCROLL FOR NEXT