വി.ഡി സതീശൻ 
NEWSROOM

"ആരോപണവിധേയന്‍ മുഖ്യമന്ത്രി; പുറത്തുവന്നിരിക്കുന്നത് മഞ്ഞുമലയുടെ അറ്റം മാത്രം, സിബിഐ അന്വേഷണം വേണം"

അന്‍വറിന്റെ ആരോപണങ്ങളില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ട് മുഖ്യമന്ത്രി രാജിവെച്ച് പുറത്തുപോകണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം

Author : ന്യൂസ് ഡെസ്ക്

എംഎല്‍എ പി.വി അന്‍വറിന്റെ വെളിപ്പെടുത്തലില്‍ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്‍വര്‍ പുറത്തുവിട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് സംസ്ഥാനത്തെ പൊലീസ് സേനയെ നിയന്ത്രിക്കുന്നത്. പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്.മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടാന്‍ കഴിയില്ല. അന്‍വറിന്റെ ആരോപണങ്ങളില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ട് മുഖ്യമന്ത്രി രാജിവെച്ച് പുറത്തുപോകണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും വി.ഡി സതീശന്‍ പറഞ്ഞു.


കേരളത്തിലെ ഏതെങ്കിലും മുഖ്യമന്ത്രി ഇതുപോലുള്ള ആരോപണങ്ങള്‍ നേരിട്ടിട്ടുണ്ടോ? ഇന്ത്യയിലെ ഏതെങ്കിലും മുഖ്യമന്ത്രിക്കെതിരെ ഇത്തരത്തിലൊരു ആരോപണം ഉണ്ടായിട്ടുണ്ടോ? ഇതു ചോദ്യം ചെയ്യാന്‍ നട്ടെല്ലുള്ള ആരെങ്കിലും സിപിഎമ്മിലുണ്ടോ? എല്ലാവരും ഭയന്നു കഴിയുകയാണ്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു കൊണ്ട് മുഖ്യമന്ത്രി രാജിവെച്ച് പുറത്തുപോകണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. അന്‍വറിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെങ്കില്‍ മുഖ്യമന്ത്രി പറയട്ടെ, അതില്‍ വസ്തുതയില്ലെന്ന്. അതിന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. ഭരണകക്ഷി എംഎല്‍എ തന്നെയാണ് സര്‍ക്കാരിനെതിരെ രംഗത്തെത്തിയയത്. ആരോപണം ഉന്നയിച്ച അന്‍വറിനെതിരെ സിപിഎം നടപടിയെടുക്കുമോ? പൊലീസിനും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ ആരോപണം ഉന്നയിച്ചത് പ്രതിപക്ഷം ആയിരുന്നെങ്കില്‍ ഇവര്‍ തള്ളിക്കളഞ്ഞേനെയെന്നും സതീശന്‍ പറഞ്ഞു.


എഡിജിപിക്കെതിരെ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം പുകമറ സൃഷ്ടിക്കാനാണ്. എതിർക്കാൻ പാർട്ടിയിൽ നട്ടെല്ലുള്ള ആരെങ്കിലുമുണ്ടോ? സംസ്ഥാന പൊലീസ് അന്വേഷിക്കേണ്ട കാര്യമല്ല ഇത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണ് ആരോപണവിധേയന്‍. കൊലപാതകം, അഴിമതി, സ്വത്ത് സമ്പാദനം, സ്വര്‍ണം കള്ളക്കടത്ത് ഉള്‍പ്പെടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിനുനേരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍. രാജ്യത്തിന് തന്നെ അപമാനകരമാണ് കേരള സര്‍ക്കാര്‍. സ്വര്‍ണ കള്ളക്കടത്തും സ്വര്‍ണം പൊട്ടിക്കലും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ക്രമസമാധാനത്തിന്റെ ചുമതലയുള്ള ആള്‍ നടത്തിയെന്നാണ് അന്‍വര്‍ പറഞ്ഞത്. അതിന് പിന്തുണ കൊടുത്തത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാണ്.അദ്ദേഹം സിപിഎം നേതാവുമാണ്. ഉത്തരവാദിത്വത്തില്‍ നിന്നും മുഖ്യമന്ത്രിക്ക് ഒളിച്ചോടാനാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

SCROLL FOR NEXT