NEWSROOM

എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച: വ്യക്തിപരമായി കാണാന്‍ അവര്‍ തമ്മില്‍ അതിര്‍ത്തി തര്‍ക്കമുണ്ടോ?

അതുകൊണ്ട് എഡിജിപിക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും സതീശന്‍

Author : ന്യൂസ് ഡെസ്ക്

ആര്‍എസ്എസ് നേതാവുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ചയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വ്യക്തിപരമായി കാണാന്‍ ഇരുവരും തമ്മില്‍ അതിര്‍ത്തി തര്‍ക്കമുണ്ടോയെന്ന് വി.ഡി സതീശന്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ ദൂതനായാണ് എഡിജിപി പോയത്. അതുകൊണ്ട് എഡിജിപിക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും സതീശന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. പക്ഷേ, സര്‍ക്കാര്‍ വനിതാ ഉദ്യോഗസ്ഥര്‍ക്കൊപ്പം പുരുഷ ഉദ്യോഗസ്ഥരെ കൂടി അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷമുള്ള കാര്യങ്ങള്‍ അന്വേഷിക്കാനാണ് സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള കാര്യങ്ങള്‍ കൂടി അന്വേഷിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.

ഇതേ കാര്യം തന്നെ ഹൈക്കോടതിയും ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തില്‍ ഇരകളുടെ സ്വകാര്യത മാനിച്ച് അന്വേഷണം നടത്തണം. സത്യസന്ധമായി അന്വേഷണം നടത്തി തെറ്റുകാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. അതിനുള്ള നിലപാട് സര്‍ക്കാരിന് ഇല്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമല്ല, വേട്ടക്കാര്‍ക്കൊപ്പമാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

വേട്ടക്കാരെ സംരക്ഷിക്കാനുള്ള ഗവേഷണത്തിലാണ് സര്‍ക്കാര്‍. സ്ത്രീവിരുദ്ധ സര്‍ക്കാരാണെന്ന് ഓരോ ദിവസവും തെളിയിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ് നടക്കുന്നത്.


നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് ജാമ്യം ലഭിച്ചതില്‍ സുപ്രീം കോടതി പറഞ്ഞ കാര്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. വിചാരണ അനിശ്ചിതമായി നീണ്ടുപോകുകയാണ്. ഇതാണ് പ്രതിക്ക് ജാമ്യം കിട്ടാന്‍ ഇടയാക്കിയത് എന്ന് കൂടി മനസ്സിലാക്കണം. ഒരു കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ഏഴരക്കൊല്ലം എടുക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസത്തിന് ഭംഗമുണ്ടാക്കും. നീതി നീണ്ടുപോകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണ്. വിചാരണ നടപടികള്‍ നീണ്ടുപോകുന്നത് ഹൈക്കോടതി തന്നെ വിലയിരുത്തണം.

വയനാട് ദുരന്തത്തില്‍ കേരളത്തിന് വേണ്ടത് പ്രത്യേക പാക്കേജാണെന്നും അദ്ദേഹം പറഞ്ഞു. ഊതിപ്പെരുപ്പിച്ച കണക്ക് കൊടുത്താല്‍ കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കില്ല. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് കൊടുത്തിട്ടുണ്ടെങ്കില്‍ അതിന് പണം കിട്ടിയിട്ടുമില്ല. കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ഇത്തരം കള്ളക്കളികള്‍ അറിയാം.

വയനാട് ദുരിതാശ്വാസത്തിന് പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ട്. സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള നൂറു കാരണങ്ങളുണ്ട്. എന്നിട്ടും പുതിയൊരു സംസ്‌കാരത്തിനാണ് പ്രതിപക്ഷം തുടക്കമിട്ടത്. വയനാട്ടിലെ എല്ലാ പ്രവര്‍ത്തനങ്ങളുടേയും ചെലവ് വഹിച്ചത് മറ്റുള്ളവരാണ്. മെമ്മോറാണ്ടം തയ്യാറാക്കിയതില്‍ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. മാധ്യമങ്ങള്‍ എന്ത് തെറ്റാണ് പറഞ്ഞതെന്നും അദ്ദേഹം ചോദിച്ചു.

SCROLL FOR NEXT