NEWSROOM

'കേരളം അപമാനഭാരത്താൽ തലകുനിച്ച് നിൽക്കേണ്ട അവസ്ഥ'; ശിശുക്ഷേമ സമിതി ക്രിമിനലുകളുടെ താവളമെന്ന് വി.ഡി. സതീശൻ

കിടക്കയിൽ മൂത്രം ഒഴിച്ചതിനാണ് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ ശിശുക്ഷേമ സമിതിയിലെ ആയ അജിത മുറിവേൽപ്പിച്ചത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ കുഞ്ഞുങ്ങളെ ഉപദ്രവിച്ച കേസില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേരളം അപമാനഭാരത്താൽ തലകുനിച്ച് നിൽക്കേണ്ട അവസ്ഥ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. കുറ്റകൃത്യം ഒളിപ്പിച്ചു വെച്ചതിൽ നിന്ന് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഒഴിഞ്ഞ് മാറാനാകില്ലെന്നും ശിശുക്ഷേമ സമിതി ക്രിമിനലുകളുടെ താവളമാണെന്നും വി.ഡി. സതീശൻ ആരോപിച്ചു.



ഇടതു ഭരണകാലത്ത് സിപിഎം നടപ്പാക്കിയ അമിത രാഷ്ട്രീയവത്ക്കരണമാണ് ശിശുക്ഷേമ സമിതിയുടെ ശാപം. ക്രിമിനലുകളുടെ കേന്ദ്രമാക്കി ശിശുക്ഷേമ സമതിയെ സര്‍ക്കാര്‍ മാറ്റിയെന്നും പ്രതിപക്ഷ നേതാവ് വാർത്താക്കുറിപ്പില്‍ പറഞ്ഞു. ഗുരുതര കുറ്റകൃത്യങ്ങള്‍ ഉണ്ടായിട്ടും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇത് ഇനിയും അനുവദിച്ചു കൊടുക്കാനാകില്ലെന്നും വി. ഡി. സതീശന്‍ കൂട്ടിച്ചേർത്തു. 

Also Read: ശിശുക്ഷേമ സമിതിയില്‍ രണ്ടരവയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു; മൂന്ന് ആയമാർ അറസ്റ്റില്‍

കിടക്കയിൽ മൂത്രം ഒഴിച്ചതിനാണ് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ ശിശുക്ഷേമ സമിതിയിലെ ആയ അജിത മുറിവേൽപ്പിച്ചത്. കുട്ടിയെ സ്ഥിരമായി പരിപാലിച്ചിരുന്ന മറ്റ് രണ്ട് ആയമാർ ഈ വിവരം മറച്ചുവയ്ക്കുകയും ചെയ്തു. എന്നാല്‍ കുട്ടിയെ സ്ഥാപനത്തിലെ മറ്റ് ജീവനക്കാർ പരിപാലിക്കാനായി എടുത്തപ്പോള്‍ മുറിവുകള്‍ ശ്രദ്ധയില്‍പ്പെട്ടു. ഇവർ സംഭവം റിപ്പോർട്ട് ചെയ്ത ഉടൻ ശിശുക്ഷേമ സമിതി വിവരം പൊലീസിനെ അറിയിച്ചു. മ്യൂസിയം പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ മൂന്ന് ആയമാരും കുറ്റം സമ്മതിച്ചു. ഇതിനെ തുടർന്നാണ് മൂന്ന് ആയമാരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരാഴ്ചക്കാലം തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മുഴുവൻ പേരെയും പിരിച്ചു വിട്ടതായി ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപി അറിയിച്ചു. ഏഴ് താല്‍ക്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്.  അതേസമയം,  വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ കുഞ്ഞിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

SCROLL FOR NEXT