പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറ്റൊരു രൂപമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രിക്ക് ഭയമാണ്. മുഖ്യമന്ത്രിയുടെ ദൂതനായി എഡിജിപി അജിത് കുമാര്‍ ആർഎസ്എസ് നേതാവിനെ കണ്ടെന്ന തന്‍റെ ആരോപണം എല്ലാവരും ഇപ്പോൾ അംഗീകരിച്ചെന്നും സതീശന്‍ പറഞ്ഞു. തൃശൂര്‍ പൂരം കലക്കാന്‍ നടത്തിയ ഗൂഢാലോചനയാണിത്. നിസാരമായി കാണാനാവില്ലെന്നും ജുഡീഷ്യല്‍ അന്വേഷണം ആവശ്യമാണെന്നും വി.ഡി. സതീശന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
കൂടിക്കാഴ്ചയിൽ എഡിജിപിക്കൊപ്പം ഉണ്ടായിരുന്നവരുടെ പേരുകള്‍ പുറത്തുവന്നാൽ കേരളം ഞെട്ടുമെന്ന് വി.ഡി. സതീശൻ പറഞ്ഞു. എഡിജിപിയുടെ ഒപ്പം ഉണ്ടായിരുന്നവര്‍ ആരൊക്കെയാണെന്നും കൂടിക്കാഴ്ചയിൽ ബിസിനസുകാര്‍ മാത്രമല്ല ഉണ്ടായിരുന്നതെന്നും സതീശന്‍ പറഞ്ഞു.
ALSO READ : എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച: മുഖ്യമന്ത്രിക്കെതിരെ ജുഡീഷ്യൽ അന്വേഷണം വേണം; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആര്‍എസ്എസ് വേദിയില്‍ വി.ഡി. സതീശനെത്തിയ സംഭവത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോടും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. "ഒരു പരിപാടിക്ക് വിളിച്ചാല്‍ അവിടെ ലക്ഷ്മി ദേവിയുടെ പടം ഉണ്ടെങ്കില്‍ അത് ആര്‍എസ്എസ് പരിപാടി ആകുമോ. അവിടെ ശൈലജ ടീച്ചറും ഉണ്ടായിരുന്നല്ലോ, അതിന് എന്താണ് കുഴപ്പം" എന്നായിരുന്നു വി.ഡി. സതീശന്‍റെ മറുപടി.
ALSO READ : "ആർഎസ്എസിനോട് അയിത്തം തോന്നിത്തുടങ്ങിയത് എന്നു മുതല്‍?" പ്രതിപക്ഷ നേതാവിനോട് വി. മുരളീധരന്
ഓണ ചന്തകളിലും വിലകയറ്റമാണ് ജനങ്ങള്‍ അനുഭവിക്കുന്നത്. വൈദ്യുതി മേഖലയിലും വൻ അഴിമതി നടക്കുന്നു. ഉമ്മൻ ചാണ്ടിയുടെ കാലത്തെ എഗ്രിമെൻ്റ് സര്‍ക്കാര്‍ റദ്ദാക്കി. തെറ്റായ നടപടികളുടെ പാപഭാരം സാധാരണക്കാർ അനുഭവിക്കേണ്ടി വരുന്നുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു.