NEWSROOM

"ടീകോമിന് പണം നല്‍കുന്നത് സംസ്ഥാന താൽപര്യത്തിന് എതിര്, തീരുമാനം പുനഃപരിശോധിക്കണം"; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

ഒരു കാരണവശാലും ടീകോമിന് നഷ്ടപരിഹാരം നല്‍കാന്‍ പാടില്ലെന്നും പ്രതിപക്ഷ നേതാവ്

Author : ന്യൂസ് ഡെസ്ക്


ടീകോമിന് നഷ്ടപരിഹാരം നല്‍കി സ്മാര്‍ട് സിറ്റി പദ്ധതി അവസാനിപ്പിക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തു നല്‍കി. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ടീകോമില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാമെന്ന കരാര്‍ നിലനില്‍ക്കെ കമ്പനിക്ക് സര്‍ക്കാര്‍ പണം നല്‍കുന്നത് സംസ്ഥാന താല്‍പര്യത്തിന് എതിരാണ്. ഒരു കാരണവശാലും ടീകോമിന് നഷ്ടപരിഹാരം നല്‍കാന്‍ പാടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഭൂമി കച്ചവടമാണ് സര്‍ക്കാരിന്റെ ലക്ഷ്യം എന്ന ആക്ഷേപം വ്യാപകമാണ്. വ്യവസ്ഥകള്‍ ലംഘിച്ച ടീകോമിന് അങ്ങോട്ട് പണം നല്‍കി പദ്ധതിയില്‍ നിന്നും പിന്‍മാറാനുള്ള ഏകപക്ഷീയമായ നീക്കം സര്‍ക്കാര്‍ പുനരാലോചിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഐടി വ്യവസായത്തിന് പുത്തന്‍ ഉണര്‍വ് നല്‍കാനും പത്ത് വര്‍ഷം കൊണ്ട് 90,000 പേര്‍ക്ക് തൊഴില്‍ നല്‍കാനും വിഭാവനം ചെയ്ത ബൃഹത് പദ്ധതിയാണ് സ്മാര്‍ട്ട് സിറ്റി പദ്ധതി.

ടീകോം കമ്പനിയും സംസ്ഥാന സര്‍ക്കാരും 2007 ല്‍ ഉണ്ടാക്കിയ 'ഫ്രെയിംവര്‍ക്ക് എഗ്രിമെന്റില്‍' കരാര്‍ വ്യവസ്ഥകളില്‍ വീഴ്ച വരുത്തുന്ന കക്ഷിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നു. ഇത് പ്രകാരം ടീകോമിന്റെയോ, സര്‍ക്കാരിന്റെയോ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായാല്‍ വീഴ്ച വരുത്തുന്ന കക്ഷിയില്‍ നിന്നും മറ്റേ കക്ഷിക്ക് അവര്‍ നടത്തിയ എല്ലാ മുതല്‍ മുടക്കുകളും നഷ്ടങ്ങളും ഈടാക്കാന്‍ വ്യവസ്ഥയുണ്ടെന്നും പ്രതിപക്ഷ നേതാവ് കത്തിൽ പറഞ്ഞു.

കരാര്‍ വ്യവസ്ഥകളില്‍ ടീകോം വീഴ്ച വരുത്തുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് ഉണ്ടാകുന്ന നഷ്ടം നികത്താന്‍ ടി കോമിന് ഉത്തരവാദിത്തമുണ്ടായിരിക്കുമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് നിലനിൽക്കെ പദ്ധതിയില്‍ വീഴ്ച വരുത്തിയ ടീകോമിന് സര്‍ക്കാര്‍ അങ്ങോട്ട് പണം നല്‍കുന്നത് സംസ്ഥാന താൽപര്യത്തിന് എതിരാണെന്നും, സര്‍ക്കാര്‍ നീക്കം ദുരൂഹമാണെന്നും വി.ഡി. സതീശൻ പറഞ്ഞു. പദ്ധതി അവസാനിപ്പിക്കാനുമുള്ള ഏകപക്ഷീയമായ സര്‍ക്കാര്‍ തീരുമാനം റദ്ദ് ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.

SCROLL FOR NEXT