NEWSROOM

BJPക്ക് വോട്ട് കുറഞ്ഞതിൽ CPMന് വിഷമമെന്തിന്? പാലക്കാട് ലഭിച്ചത് ഭരണവിരുദ്ധ വികാര വോട്ടുകൾ: വി.ഡി. സതീശൻ

ജനങ്ങളെ അപമാനിക്കുന്ന പ്രതികരണമാണ് സിപിഎം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

പാലക്കാട് കോൺഗ്രസിനെ ജയിപ്പിച്ചത് വർഗീയ വോട്ടെന്ന ഇടത് ആരോപണം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വർഗീയതയെ കൂട്ടുപിടിച്ചത് സിപിഎമ്മാണെന്നും ജമാ അത്തെ ഇസ്ലാമിയുമായി പിണറായിക്ക് ആത്മ ബന്ധമുണ്ടെന്നും സതീശൻ ആരോപിച്ചു. ജനങ്ങളെ അപമാനിക്കുന്ന പ്രതികരണമാണ് സിപിഎം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ബിജെപിക്കും സിപിഎമ്മിനും ഒരേ നാവാണ്. എസ്‌ഡിപിഐയുമായി ചേർന്നാണ് കോൺഗ്രസ് ജയിച്ചതെന്നാണ് സിപിഎം പറയുന്നത്. ബിജെപിയുടെ വോട്ട് ഗണ്യമായി കുറഞ്ഞെന്ന് ചൂണ്ടിക്കാട്ടിയ വി.ഡി. സതീശൻ, ബിജെപിക്ക് വോട്ട് കുറഞ്ഞതിന് സിപിഎമ്മിന് എന്തിനാണ് സങ്കടമെന്നും ചോദിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ഇ. ശ്രീധരന് കിട്ടിയതിൽ നല്ലൊരു ശതമാനം വോട്ടും രാഹുലിനാണ് ലഭിച്ചത്. അങ്ങനെയെങ്കിൽ അന്ന് ശ്രീധരന് കിട്ടിയത് എസ്‌ഡിപിഐയുടെ വോട്ടായിരുന്നോ എന്നാണ് സതീശൻ്റെ ചോദ്യം.

ഒപ്പം ചേലക്കരയിലുണ്ടായ തോൽവി പരിശോധിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ചേലക്കരയിലെ പരാജയവും വയനാട്, പാലക്കാട് വിജയങ്ങളും പരിശോധിക്കും. നേതൃത്വമാണ് സ്ഥാനാർഥിയെ തീരുമാനിച്ചത്. നേതൃത്വത്തിനും അതുകൊണ്ട് ഉത്തരവാദിത്തമുണ്ട്. അവിടെ എംപിയായിരുന്ന ആളാണ് രമ്യ ഹരിദാസ്. രമ്യ ജയിക്കുമെന്നായിരുന്നു കരുതിയത്. ചേലക്കരയിൽ തന്റെ കണക്ക് തെറ്റിയെന്നും എന്നാൽ പ്രചാരണത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി.

അതേസമയം സിപിഎമ്മിനെതിരായ വിജയം 'മഴവിൽ സഖ്യം' നേടിയതാണെന്ന സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം എല്ലാ തലത്തിലും ആവർത്തിച്ച് പ്രതിരോധം തീർക്കാനാണ് പാർട്ടിയുടെ പദ്ധതി. എസ്‌ഡിപിഐഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും സഹായം യുഡിഎഫിന് കിട്ടി. എസ്‌ഡിപിഐയുടെ സർക്കുലർ കോൺഗ്രസ് പ്രവർത്തകർ വീടുകളിൽ എത്തിച്ചു. എന്നിങ്ങനെ നീളുന്നു പാലക്കാട്ടെ തോൽവിയിലെ രാഷ്ട്രീയ പ്രതിരോധം. യുഡിഎഫ് ആർഎസ്എസ് പാലമായി സന്ദീപ് വാര്യർ പ്രവർത്തിച്ചു എന്നാണ് മറ്റൊരു ആരോപണം. ചരിത്രത്തിൽ ആദ്യമായിട്ടാണ് ആർഎസ്എസ് പ്രവർത്തകൻ യുഡിഎഫിൽനിന്ന് പ്രവർത്തിക്കുന്നത്. എന്നാൽ സന്ദീപ് ക്രിസ്റ്റൽ ക്ലിയർ സഖാവാകുമെന്ന് പറഞ്ഞിട്ടില്ലേ എന്ന ചോദ്യത്തിൽ എ.കെ.ബാലൻ മലക്കം മറിഞ്ഞു.


ALSO READ: പാലക്കാട് കണ്ടത് വടകര ഡീലിൻ്റെ ബാക്കി: എ.കെ. ബാലൻ


ഇടതുപക്ഷത്തിന്റെ അടിസ്ഥാന വോട്ടുകളൊന്നും നഷ്ടപ്പെട്ടില്ലെന്നും വടകര ഡീലിൻ്റെ തുടർച്ചയാണ് പാലക്കാട് കണ്ടതെന്നുമാണ് പുറമെ പറയുന്ന പ്രതിരോധമെങ്കിലും കണ്ണാടിയിലും മാത്തൂരിലും പ്രതീക്ഷിച്ച വോട്ട് കിട്ടാത്തത് ഗൗരവതരമായാണ് സിപിഎം കാണുന്നത്. പി. സരിന് വേണ്ടി നാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും ശക്തികേന്ദ്രമായ കണ്ണാടിയിലും മാത്തൂരും പ്രതീക്ഷിച്ച വോട്ട് വർധന ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഇരു പഞ്ചായത്തുകളിലുമായി എണ്ണായിരം വോട്ടുവീതമാണ് സിപിഎം പ്രതീക്ഷിച്ചത്. എന്നാൽ കണ്ണാടിയിൽ 6272 വോട്ടും, മാത്തൂരിൽ നിന്ന് 6926 വോട്ടുമാണ് കിട്ടിയത്.

SCROLL FOR NEXT