ജെൻസണും ശ്രുതിയും 
NEWSROOM

"ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കണം"; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത്

കല്‍പ്പറ്റ കിന്‍ഫ്രാ പാര്‍ക്കിന് സമീപത്തെ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിലാണ് ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൺ മരിച്ചത്

Author : ന്യൂസ് ഡെസ്ക്


വയനാട് ദുരന്തത്തിലെ അതിജീവിത ശ്രുതിക്ക് സർക്കാർ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വയനാട് ദുരന്തത്തിൽ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുക്കളെയും നഷ്ടമായതിന് പിന്നാലെ പ്രതിശ്രുത വരനും വാഹനാപകടത്തിൽ മരിച്ചതോടെയാണ് ശ്രുതിക്ക് സർക്കാർ ജോലി നൽകണമെന്ന ആവശ്യമുയർന്നത്. കല്‍പ്പറ്റ കിന്‍ഫ്രാ പാര്‍ക്കിന് സമീപത്തെ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിലാണ് ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൺ മരിച്ചത്.

കത്ത് പൂർണ രൂപത്തിൽ

വയനാട് ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും സഹോദരിയും അടക്കം കുടുംബത്തിലെ 9 പേരെ നഷ്ടമായ പെണ്‍കുട്ടിയാണ് ശ്രുതി. ഉറ്റവരെ നഷ്ടപ്പെട്ടതിൻ്റെ വേദനയില്‍ നിന്നും കരകയറാന്‍ ശ്രുതിക്ക് താങ്ങും തണലുമായി നിന്നത് പ്രതിശ്രുത വരന്‍ ജെന്‍സനാണ്. കല്‍പ്പറ്റ വെള്ളാരംകുന്നിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ ജെന്‍സനും മരിച്ചു. അക്ഷരാര്‍ഥത്തില്‍ ശ്രുതി ഒറ്റയ്ക്കായി. കഠിനമായ പരീക്ഷണ ഘട്ടത്തിലൂടെ കടന്ന് പോകുന്ന ശ്രുതിക്ക് ഈ സങ്കടകാലത്തെ അതിജീവിക്കാന്‍ കഴിയണം. അതിന് നമ്മള്‍ ശ്രുതിയെ ചേര്‍ത്തുപിടിക്കണം. ശ്രുതിയുടെ ഭാവി ജീവിതത്തിന് ഒരു ജോലി അനിവാര്യമാണ്. ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

ALSO READ: നീ തനിച്ചല്ല, ശ്രുതിക്കൊപ്പമുണ്ട്; ആശ്വാസ വാക്കുകളുമായി രാഹുല്‍ ഗാന്ധി

കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജെന്‍സണ്‍ വയനാട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ജെന്‍സൻ്റെ നില അതീവ ഗുരുതരമാണെന്ന് മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് മെഡിക്കല്‍ സൂപ്രണ്ട് മനോജ് നാരാണന്‍ അറിയിച്ചിരുന്നു. തുടര്‍ച്ചയായ രക്തസ്രാവമാണ് മരണത്തിന് കാരണം. വയനാട് ദുരന്തത്തിലെ അതിജീവിതയായ ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു അമ്പലവയല്‍ സ്വദേശി ജെന്‍സന്‍. ഇവര്‍ സഞ്ചരിച്ച ഒമ്‌നി വാന്‍ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അച്ഛന്‍ ശിവണ്ണന്‍, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരുള്‍പ്പെടെ കുടുംബത്തിലെ 9 പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട് ജോലി സ്ഥലത്ത് ആയിരുന്നതിനാല്‍ മാത്രം ശ്രുതി ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഉറ്റവരെല്ലാം നഷ്ടപ്പെട്ടതോടെ പത്ത് വര്‍ഷമായി കൂടെയുള്ള ജെന്‍സണ്‍ മാത്രമായിരുന്നു ശ്രുതിക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള കൈത്താങ്ങായി നിന്നത്. ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഒരു മാസം മുന്‍പ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. അന്ന് തന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും. വിവാഹത്തിനായി സ്വരുക്കൂട്ടിവെച്ചിരുന്നതെല്ലാം ഉരുള്‍പൊട്ടലില്‍ നഷ്ടമായി. ഈ മാസം അവസാനം വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കെയാണ് ഈ ദുരന്തം.

SCROLL FOR NEXT