NEWSROOM

വേടന്റെ അറസ്റ്റും തുടര്‍സംഭവങ്ങളും ദൗര്‍ഭാഗ്യകരം; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അകാരണമായ ആശങ്ക സൃഷ്ടിക്കും വിധം പ്രതികരിച്ചു: മന്ത്രി

സാമൂഹികവും സാംസ്‌കാരികവുമായ പിന്തുണയുമായി വനം വകുപ്പും വേടന്റെ ഒപ്പമുണ്ടാകുമെന്നും മന്ത്രി

Author : ന്യൂസ് ഡെസ്ക്

പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് ജാമ്യം കിട്ടിയതിനു പിന്നാലെ വനംവകുപ്പിനെ തള്ളിപ്പറഞ്ഞ് മന്ത്രി എ.കെ ശശീന്ദ്രന്‍. അപൂര്‍വമായ ഒരു സംഭവം എന്ന നിലയില്‍ വനം വകുപ്പ് ഈ കേസിനെ പെരുപ്പിച്ചു കാണിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അകാരണമായ ആശങ്ക സൃഷ്ടിക്കും വിധം മാധ്യമങ്ങളോട് പ്രതികരിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. വേടന്‍ രാഷ്ട്രീയ ബോധമുള്ള യുവതയുടെ പ്രതിനിധിയെന്നും വേടന്‍ തിരികെ വരണമെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

വേടന്റെ അറസ്റ്റിനിടയാക്കിയതും തുടര്‍ന്നുണ്ടായ സംഭവങ്ങളും ദൗര്‍ഭാഗ്യകരമാണ്. രാഷ്ട്രീയബോധമുള്ള യുവതയുടെ പ്രതിനിധി എന്ന നിലയില്‍ ഏറെ പ്രതീക്ഷയുള്ള കലാകാരനാണ് വേടന്‍. അതുകൊണ്ടുതന്നെ അറസ്റ്റിനിടയാക്കിയ സാഹചര്യങ്ങള്‍ തിരുത്തി അദ്ദേഹം തിരിച്ചുവരേണ്ടതുണ്ട്. അതിനായി സാമൂഹികവും സാംസ്‌കാരികവുമായ പിന്തുണയുമായി വനം വകുപ്പും വേടന്റെ ഒപ്പമുണ്ടാകും. നിയമപരമായ പ്രശ്‌നങ്ങള്‍ അതിന്റേതായ മാര്‍ഗങ്ങളില്‍ നീങ്ങട്ടെയെന്നും മന്ത്രി പറഞ്ഞു.

വേടന്റെ അറസ്റ്റില്‍ വനം വകുപ്പിന്റെ നടപടികളുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ നിര്‍ഭാഗ്യകരമാണ്. വിഷയം തികച്ചും സമചിത്തതയോടെ കൈകാര്യം ചെയ്യേണ്ടതായിരുന്നു. ചില മാധ്യമങ്ങളുടെ ചോദ്യത്തിന് കേസിലെ നിയമവശങ്ങള്‍ വനംമന്ത്രിയെന്ന നിലയില്‍ ചൂണ്ടിക്കാണിക്കുകയാണ് താന്‍ ചെയ്തത്.  എന്നാല്‍ സാധാരണ കേസുകളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ എന്തോ വനം വകുപ്പും വനംമന്ത്രിയും ഈ കേസില്‍ ചെയ്യുന്നു എന്ന നിലയില്‍ ചില മാധ്യമങ്ങളും സാമുഹ്യമാധ്യമങ്ങളും വാര്‍ത്തകള്‍ സൃഷ്ടിച്ചു. വനം വകുപ്പിനും സര്‍ക്കാരിനുമെതിരെ ഈ പ്രശ്‌നം ഏതു വിധത്തില്‍ തിരിച്ചുവിടാമെന്ന് ചില ഭാഗത്ത് നിന്നും ശ്രമങ്ങള്‍ ഉണ്ടായി.

സാധാരണ കേസുകളില്‍ നിന്നും വ്യത്യസ്തമായി അകാരണമായ ആശങ്ക സൃഷ്ടിക്കും വിധം ചില ദൃശ്യമാധ്യമങ്ങളോട് ബന്ധപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരണം നടത്തിയതും അംഗീകരിക്കാനാകില്ല. സര്‍ക്കാരിന്റെ അനുമതി കൂടാതെ ഇത്തരത്തില്‍ പരസ്യപ്രതികരണങ്ങള്‍ നടത്തുന്നത് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഇത്തരത്തില്‍ പ്രതികരണം നടത്തിയ കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോട് വിശദീകരണം തേടാന്‍ നിര്‍ദേശിച്ചതായും മന്ത്രി പറഞ്ഞു.

SCROLL FOR NEXT