പത്തനംതിട്ട റാന്നിയിൽ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തി. റാന്നി സ്വദേശി അനിലാണ് കൊല്ലപ്പെട്ടത്. അനിലിൻ്റെ ഭാര്യക്കും വെട്ടേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഇതിൽ ഒരാൾ ഒട്ടേറെ കേസുകളിൽ ഉൾപ്പെട്ടയാളാണെന്ന് പൊലീസ് പറയുന്നു.
പച്ചക്കറി വാങ്ങുന്നതിന് ഇടയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മദ്യപിച്ചെത്തിയ രണ്ടംഗ സംഘം അനിലുമായി തർക്കമുണ്ടായെങ്കിലും മടങ്ങി പോയിരുന്നു. ഒമ്പത് മണിയോടെ തിരിച്ചെത്തിയ അക്രമി സംഘം വടിവാൾ ഉപയോഗിച്ച് അനിലിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഭാര്യയ്ക്ക് വെട്ടേറ്റത്. സംഭവ സ്ഥലത്തുവച്ചു തന്നെ അനിൽ മരിച്ചിരുന്നു. മൃതദേഹം റാന്നിയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.