NEWSROOM

പഞ്ചാബിൽ വാഹന തട്ടിപ്പ്; മൂന്ന് പ്രതികളിലൊരാൾ അഗ്നിവീറും

പ്രതികളായ അഗ്നിവീർ ഇഷ്മീത് സിങ്ങ്, പ്രബ്പ്രീത് സിങ്ങ്, ബാൽക്കരൻ സിങ്ങ് എന്നിവരെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

പഞ്ചാബിലെ മൊഹാലിയിൽ വാഹനം തട്ടിയെടുത്ത കേസിൽ ഒരു അഗ്നിവീർ ഉൾപ്പെടെ മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്‌തു. പ്രതികളായ അഗ്നിവീർ ഇഷ്മീത് സിങ്ങ്, പ്രബ്പ്രീത് സിങ്ങ്, ബാൽക്കരൻ സിങ്ങ് എന്നിവരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.

മൂവരും വാഹനത്തിന് ബുക്കിങ് ആപ്പ് വഴി ബുക്ക് ചെയ്യുകയും, തുടർന്ന് വാഹന ഉടമയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി വാഹനം ബലം പ്രയോഗിച്ച് തട്ടിയെടുക്കുകയുമായിരുന്നുവെന്ന് എസ്.പി. സന്ദീപ് കുമാർ ഗാർഗ് മാധ്യമങ്ങളെ അറിയിച്ചു. വാഹനം പിടിച്ചെടുക്കുന്നതിനായി പ്രതികൾ കുരുമുളക് സ്പ്രേയും ഉപയോഗിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. വാഹനം തട്ടിയെടുക്കൽ, മോഷണം തുടങ്ങി മറ്റ് ചില കേസുകളിലും പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും, കുറ്റകൃത്യങ്ങൾ ചെയ്ത ശേഷം ഫാസിൽക്കയിലേക്ക് രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മോഷ്ടിച്ച സ്‌കൂട്ടർ, മോട്ടോർ സൈക്കിൾ, നാടൻ പിസ്റ്റൾ തുടങ്ങിയവ പ്രതികളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

നിലവിൽ വെസ്റ്റ് ബംഗാളിൽ സേവനമനുഷ്ടിക്കുന്ന അഗ്നിവീർ ഇഷ്മീത്, രണ്ട് മാസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. എന്നാൽ, അവധി അവസാനിച്ച് ഒരു മാസം പിന്നിട്ടിട്ടും തിരിച്ചെത്തിയില്ല എന്നും എസ്.പി. അറിയിച്ചു. പ്രതികളെ അറസ്റ്റ് ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.


SCROLL FOR NEXT