സ്ത്രീകളെയും കുട്ടിയെയും മർദിച്ച കേസിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി അറസ്റ്റിൽ. കഴിഞ്ഞ ദിവസം ഹോട്ടലിന്റെ ബോർഡ് മാറ്റുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിൽ അവസാനിച്ചത്. ഇവരുടെ പരാതിക്ക് പിന്നാലെ കേസെടുത്തിരുന്നു. തുടർന്ന് ഒളിവിൽ പോയ ശശിയെ പത്തനംതിട്ടയിൽ നിന്നാണ് പിടികൂടിയത്.
വെള്ളനാട് ജംഗ്ഷനിൽ, വനിതകൾ നടത്തുന്ന ഹോട്ടലിന് മുന്നിൽ ഇന്നലെയായിരുന്നു കയ്യാങ്കളി. ഹോട്ടലിന് മുന്നിലെ ബോർഡ് മാറ്റണമെന്ന് കഴിഞ്ഞ ഒരാഴ്ചയായി വെള്ളനാട് ശശി ആവശ്യപ്പെട്ടിരുന്നു. എന്നാൽ വഴിയാത്രക്കാർക്ക് തടസമുണ്ടാക്കുന്നില്ലെന്ന് പറഞ്ഞ് കടയുടമകൾ ബോർഡ് മാറ്റാൻ തയ്യാറായില്ല. ഇന്നലെ ഇതിനെച്ചൊല്ലി ആദ്യം തർക്കവും പിന്നീട് വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. കടയുടമ അരുണിന്റെ അമ്മ ഗീതയെ വെള്ളനാട് ശശി കയ്യേറ്റം ചെയ്തു.
കയ്യേറ്റം ഫോണിൽ ചിത്രീകരിച്ച അരുണിന്റെ മകനായ എട്ടുവയസുകാരനെയും ഇയാൾ മർദിച്ചു. കുട്ടിയുടെ കൈയിന് പരിക്കേറ്റിരുന്നു. സിപിഎം പിന്തുണയോടെ ജില്ലാ പഞ്ചായത്ത് അംഗമായ ശശിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും രംഗത്തെത്തി. പിന്നീടാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസ്. പൊലീസിന് പുറമെ ബാലാവകാശ കമ്മീഷനും കുടുംബം പരാതി നൽകിയിട്ടുണ്ട്.