NEWSROOM

തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ലഭിക്കാന്‍ വെള്ളാപ്പള്ളി പ്രവർത്തിച്ചു; വിമർശനവുമായി എം.വി. ഗോവിന്ദന്‍

ഗുരുദര്‍ശനം തന്നെയാണോ വെള്ളാപ്പള്ളി നടേശൻ പിന്തുടരുന്നതെന്ന് ശ്രീനാരായണീയര്‍ ആലോചിക്കണമെന്നും എം.വി. ഗോവിന്ദന്‍

Author : ന്യൂസ് ഡെസ്ക്

വെള്ളാപ്പള്ളി നടേശനെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ലഭിക്കാന്‍ വെള്ളാപ്പള്ളി പ്രവർത്തിച്ചെന്നും ഗുരുദര്‍ശനം തന്നെയാണോ എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി പിന്തുടരുന്നതെന്ന് ശ്രീനാരായണീയര്‍ ആലോചിക്കണമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. സിപിഎമ്മിന്‍റെ ന്യൂനപക്ഷ സംരക്ഷണ നിലപാട് ആരെങ്കിലും തെറ്റായി മനസിലാക്കിയിട്ടുണ്ടെങ്കില്‍ ആ തെറ്റിദ്ധാരണ തിരുത്താനും പാര്‍ട്ടി ശ്രമിക്കുമെന്നും ദേശാഭിമാനിയിലെഴുതിയ ലേഖനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

രാജ്യസഭാംഗങ്ങളെ നിശ്ചയിച്ചപ്പോള്‍ ഇടതുപക്ഷം ന്യൂനപക്ഷത്തിന് കീഴ്പ്പെട്ടെന്ന വെള്ളാപ്പള്ളിയുടെ പ്രതികരണങ്ങള്‍ ബിജെപിക്കുള്ളതെണെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. പലമതസാരവുമേകം എന്ന കാഴ്ച്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുന്ന ഗുരുദര്‍ശനം തന്നെയാണോ എസ്എന്‍ഡിപിയെ നയിക്കുന്ന വെള്ളാപ്പള്ളി നടേശന്‍റേത് എന്നത് ശ്രീനാരായണ ഗുരുദര്‍ശനം പിന്തുടരുന്നവര്‍ ആലോചിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് കാലത്ത് ഏതാനും വോട്ട് നേടുന്നതിനുള്ള നയത്തിന്‍റെ ഭാഗമായല്ല ന്യൂനപക്ഷ സംരക്ഷണത്തെ സിപിഎം കാണുന്നത്. ജനാധിപത്യവും മതനിരപേക്ഷതയും ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് പൗരത്വ ഭേദഗതി നിയമത്തെയും ഏക സിവില്‍കോഡിനെയും സിപിഎം എതിര്‍ക്കുന്നത്. ഇന്ത്യന്‍ റിപ്പബ്ലിക്കിനെയും ഭരണഘടനയെയും സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി സിപിഎം സ്വീകരിക്കുന്ന ന്യൂനപക്ഷ സംരക്ഷണ നിലപാടിനെ ആരെങ്കിലും തെറ്റായി മനസിലാക്കിയിട്ടുണ്ടെങ്കില്‍ ആ തെറ്റിദ്ധാരണ തിരുത്താന്‍ പാര്‍ട്ടി ശ്രമിക്കുമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. ജനവിശ്വാസം ആര്‍ജിക്കാനുള്ള എല്ലാ ശ്രമവും പാര്‍ട്ടിയുടെയും നേതാക്കളുടെയും ഭാഗത്തു നിന്നുണ്ടാകും. തെറ്റുകള്‍ ജനങ്ങളോട് ഏറ്റുപറഞ്ഞ് അവരുടെ വിശ്വാസം നേടി തിരിച്ചുവരാനാണ് സിപിഎമ്മിന്‍റെ തീരുമാനമെന്ന് വ്യക്തമാക്കിയാണ് ലേഖനം അവസാനിപ്പിക്കുന്നത്.

SCROLL FOR NEXT