സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുള്ള വാക്പോര് തുടരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ കാരണം അണികൾക്കറിയാമെന്നും സംസ്ഥാന സെക്രട്ടറിക്ക് എല്ലാം പുറത്ത് പറയാനാകില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ സമുദായം പ്രസക്തമെന്ന് സിപിഎമ്മിന് മനസിലായെങ്കിൽ സന്തോഷമെന്നും വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു.
ഇത്രയും നാൾ എസ്എൻഡിപി വോട്ട് നൽകിയെന്നത് സിപിഎം പറഞ്ഞിട്ടില്ല, ഇപ്പോൾ പാർട്ടി എസ്എൻഡിപിയുടെ വോട്ട് കിട്ടിയില്ലെന്ന് പറഞ്ഞത് സന്തോഷമുള്ള കാര്യമാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന. ശബരിമല അടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടും ജനങ്ങൾ പാർട്ടിക്ക് ഒപ്പം നിന്നിരുന്നു. അന്നും എസ്എൻഡിപി പിണറായി വിജയനെ പിന്തുണച്ചു. ശബരിമല വിഷയത്തിൽ തെരുവിൽ പോരാട്ടം വേണ്ടെന്ന് പറഞ്ഞതിൻ്റെ പേരിൽ ചിലർ ചേർന്ന് കമ്മ്യൂണിസ്റ്റാക്കിയെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.
Also Read; 'ബിജെപി എൽഡിഎഫിൻ്റെ ഐശ്വര്യം': എം.വി. ഗോവിന്ദൻ്റെ ആരോപണങ്ങൾക്ക് മറുപടിയുമായി വെള്ളാപ്പള്ളി നടേശൻ
പിണറായി വിജയൻ്റെ ശൈലി മോശമെന്ന് പറഞ്ഞിട്ടും നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വിജയം നേടിയിട്ടുണ്ട്. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ തോൽവിക്ക് പല കാരണങ്ങളുണ്ടെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ പ്രീണനം വർധിച്ചു, റേഷൻ കടകളിൽ പോലും സാധനങ്ങൾ ഇല്ല. ഇതൊക്കെ ജനങ്ങളെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് കൊണ്ട് ഇടത് പക്ഷം മുങ്ങി പോയെന്ന് കരുതരുതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
അതേസമയം എം.വി. ഗോവിന്ദൻ്റെ വാദങ്ങളെല്ലാം സ്വാഭാവികമാണെന്നും വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. സത്യം പറയുമ്പോൾ ആളുകൾ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നു. എം വി ഗോവിന്ദനുമായി അഭിപ്രായവ്യത്യാസങ്ങളുണ്ട്, എന്നാൽ പ്രശ്നങ്ങളില്ലെന്നും, എസ്എൻഡിപിയെ ചുവപ്പ് മൂടാനും കാവി മൂടാനും ശ്രമിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.