NEWSROOM

"മലബാറിൽ അൻവറിന് സിപിഎമ്മിനെ ഭയപ്പെടുത്താനാകും, എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ല": വെള്ളാപ്പള്ളി നടേശൻ

എഡിജിപി അജിത് കുമാറിനെ മാറ്റാൻ സർക്കാർ തലത്തിൽ തിരക്കിട്ട നീക്കങ്ങള്‍ നടക്കുകയാണ്

Author : ന്യൂസ് ഡെസ്ക്

മലബാറിൽ പി.വി. അൻവറിന് സിപിഎമ്മിനെ ഭയപ്പെടുത്താൻ സാധിക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തിന്‍റെ കയ്യിൽ നിന്ന് പോയി എന്നത് നേരാണെന്നും വെള്ളാപ്പള്ളി നിരീക്ഷിച്ചു. മലബാറിൽ ഇടതുപക്ഷത്തിനുണ്ടായ തോൽവി അവർ തന്നെ വിലയിരുത്തട്ടെയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

"അൻവറിൻ്റെ വിമർശനം നേരത്തെ ഒന്നും കേട്ടില്ല. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം. എന്തായാലും അൻവറിന് പിന്നാലെ കൂടാൻ ആളുകൾ ഉണ്ട്", വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Also Read: അഭിമുഖം ഗുണകരമായത് ബിജെപിക്ക്; മുഖ്യമന്ത്രി പ്രതിനിധീകരിക്കുന്നത് ഇടതുപക്ഷത്തെ തന്നെയോ? വിമര്‍ശനവുമായി രിസാല

എഡിജിപി എം.ആർ. അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ട വിഷയത്തിലും വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ല. പൂരം കലക്കിയതിൽ ഡിജിപിയുടെ റിപ്പോർട്ട് എഡിജിപിക്ക് എതിരാണ്. മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുമെന്ന് തോന്നുന്നില്ല. മുഖ്യമന്ത്രി എഡിജിപിക്കെതിരെ നടപടി എടുക്കുമെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇന്ത്യ ഭരിക്കുന്നവരുടെ പോഷക സംഘടനാ നേതാവിനെ കണ്ടത് മഹാപാപമായി തോന്നുന്നില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേർത്തു.

അതേസമയം, എഡിജിപി അജിത് കുമാറിനെ മാറ്റാൻ സർക്കാർ തലത്തിൽ തിരക്കിട്ട നീക്കങ്ങള്‍ നടക്കുകയാണ്. ഇന്ന് ഡിജിപിയുടെ റിപ്പോർട്ട് കിട്ടിയാലുടൻ മുഖ്യമന്ത്രിയുടെ തീരുമാനമുണ്ടാകും. റിപ്പോർട്ട് സർക്കാർ പരിശോധിച്ചിട്ടാകും ക്രമസമാധാന ചുമതലയില്‍ നിന്നും എഡിജിപിയെ നീക്കുകയെന്ന് എല്‍ഡിഎഫ് കണ്‍വീനറും വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച നിയമസഭാ സമ്മേളനം പുനരാരംഭിക്കും മുമ്പ് എഡിജിപിക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

SCROLL FOR NEXT