NEWSROOM

വെഞ്ഞാറമൂട് കൂട്ടക്കൊല: ചികിത്സയോട് സഹകരിക്കാതെ പ്രതി; ആരോഗ്യനില തൃപ്തികരമെന്ന് പൊലീസ്; ഡിസ്ചാര്‍ജ് ചെയ്താല്‍ അറസ്റ്റ്

അഫാന്‍ മരുന്ന് കുത്തിയ കാനുല ഉള്‍പ്പെടെ ഊരിമാറ്റി ചികിത്സയോട് സഹകരിക്കുന്നില്ല

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ ആരോഗ്യ നില തൃപ്തികരമെന്ന് പൊലീസ്. അതേസമയം അഫാന്‍ മരുന്ന് കുത്തിയ കാനുല ഉള്‍പ്പെടെ ഊരിമാറ്റി ചികിത്സയോട് സഹകരിക്കുന്നില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. പ്രതിയുടെ മാനസികാരോഗ്യം ഉള്‍പ്പെടെ പൊലീസ് പരിശോധിക്കും.

നിലവില്‍ പ്രതി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. ആശുപത്രി വിടുന്ന മുറയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തുമെന്നും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നും നെടുമങ്ങാട് ഡിവൈഎസ്പി അരുണ്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.

കൊലപാതകങ്ങള്‍ നടത്തിയ ശേഷം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതി താന്‍ എലിവിഷം കഴിച്ചിട്ടുണ്ടെന്ന് ആശുപത്രിയെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സഹോദരനും പെണ്‍ സുഹൃത്തും അടക്കം അഞ്ചു പേരെയാണ് കൊലപ്പെടുത്തിയത്. ഉമ്മ ഷെമി ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ തുടരുകയാണ്.

ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ ഉമ്മയുടെ മൊഴി എടുക്കുന്നതിലേക്ക് അടക്കം പൊലീസ് നീങ്ങും. ഇതും കേസില്‍ നിര്‍ണായകമാകും. പ്രതി എന്തിനാണ് ക്രൂരമായ കൃത്യം നടത്തിയതെന്ന കാര്യത്തില്‍ ഇപ്പോഴും പൊലീസിന് വ്യക്തതയില്ല. പ്രണയം വീട്ടില്‍ സമ്മതിക്കാത്തതിനാലാണെന്നും കടബാധ്യതയുണ്ടായിരുന്നതിനാലാണെന്നുമുള്ള തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇതുവരെ വ്യക്തമായ കാരണം പൊലീസിന് ലഭിച്ചിട്ടില്ല.

പ്രതി കൊലപാതകത്തെക്കുറിച്ച് വെളിപ്പെടുത്തിയതില്‍ വൈരുധ്യമുണ്ടെന്നും അതിനാല്‍ അഫാന്‍ പറഞ്ഞ കാര്യങ്ങള്‍ കാര്യമായി എടുത്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കുന്ന കൊലപാതകം നടക്കുന്നത്. സഹോദരന്‍, പെണ്‍ സുഹൃത്ത്, പിതാവിന്റെ ഉമ്മ, പിതാവിന്റെ സഹോദരന്‍, ഭാര്യ എന്നിവരെയും കൊലപ്പെടുത്തി. ചുറ്റിക കൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയത്.

SCROLL FOR NEXT