NEWSROOM

വെഞ്ഞാറമൂട് കൂട്ടക്കൊല: കൊലപ്പെടുത്താന്‍ പ്രതി ഉപയോഗിച്ച ആയുധം കണ്ടെത്തി

കൊലപാതകങ്ങള്‍ നടത്തിയ ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച പ്രതി ആശുപത്രിയില്‍ ചികിത്സയിലാണ്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം വെഞ്ഞാറമൂട് അഞ്ച് പേരെ കൊലപ്പെടുത്താന്‍ പ്രതി ഉപയോഗിച്ച ആയുധം കണ്ടെത്തി. അഫാന്റെ വീട്ടില്‍ നിന്ന് തന്നെയാണ് ചുറ്റിക കണ്ടെത്തിയത്. വെഞ്ഞാറമൂട് ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള ആണ്ടവര്‍ ഹാര്‍ഡ് വെയര്‍ കടയില്‍ നിന്നാണ് ചുറ്റിക വാങ്ങിയത്.

കൊലപാതകങ്ങള്‍ നടത്തിയ ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച പ്രതി ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ പ്രതി നേരത്തെയും ജീവനൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാത്തതിനായിരുന്നു പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചത്.

അതേസമയം അഫാന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന അഫാനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്‌തേക്കില്ല. ആശുപത്രി വിട്ട ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചിരുന്നു.

കഴിഞ്ഞദിവസം വൈകുന്നേരം അഞ്ച് മണിയോടെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തിയാണ് അഫാന്‍ കൊലപാതകം നടത്തിയ കാര്യം പൊലീസിനോട് ഏറ്റു പറഞ്ഞത്. ആറ് പേരെ കൊന്നെന്നായിരുന്നു പ്രതി പറഞ്ഞത്. പൊലീസുകാര്‍ ഇയാളെയും കൂട്ടി പോരുമലയിലെ വീട്ടിലെത്തി. വീടിന്റെ ഗേറ്റ് പുറത്തു നിന്ന് പൂട്ടിയിരുന്നു. താഴുതകര്‍ത്ത് അകത്ത് കയറിയപ്പോള്‍ മുന്‍വാതിലും പൂട്ടിയിട്ടുണ്ടായിരുന്നു. എല്ലാ ജനാലകളും അടച്ചിരുന്നു. അടുക്കളവാതില്‍ തകര്‍ത്ത് പൊലീസും നാട്ടുകാരും ഉള്ളില്‍ കയറിയപ്പോള്‍ പാചകവാതകത്തിന്റെ ഗന്ധമുണ്ടായിരുന്നു. കൂട്ടക്കൊലയ്ക്ക് ശേഷം ഗ്യാസ് കുറ്റി തുറന്നുവിട്ടിട്ടായിരുന്നു പ്രതി പൊലീസ് സ്റ്റേഷനിലേക്ക് പോയത്.

അകത്ത് കയറിയപ്പോള്‍ വീടിന്റെ താഴത്തെ നിലയില്‍ തലയില്‍ നിന്ന് ചോര വാര്‍ന്ന നിലയിലായിരുന്നു അഫാന്റെ അമ്മ ഷെമി കിടന്നിരുന്നത്. അവരുടെ കണ്ണിമ മാത്രം നേരിയതായി ചിമ്മുന്നുണ്ടായിരുന്നു. താഴത്തെ നിലയില്‍ തന്നെ ജീവനറ്റ് പതിമൂന്നുകാരനായ അനിയന്‍ അഹ്‌സനും, മുകളിലെ നിലയിലെ കസേരയില്‍ ഇരിക്കുന്ന നിലയില്‍ പെണ്‍സുഹൃത്ത് ഫര്‍സാനയുടെ ശരീരവും കണ്ടെത്തി. അമ്മ ഷെമി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

പിന്നീടാണ് മറ്റ് മൂന്ന് കൊലപാതകങ്ങളുടെ വിവരം കൂടി പുറത്തുവന്നത്. മൂന്നിടങ്ങളിലായി അഫാന്‍ ആകെ നടത്തിയത് അഞ്ച് കൊലപാതകങ്ങളാണ്. പൊലീസ് സ്റ്റേഷനിലേക്ക് പോകും വഴി കണ്ട സുഹൃത്തിനോടും അഫാന്‍ താനൊരു കൂട്ടക്കൊല നടത്തിയിട്ടാണ് വരുന്നതെന്ന് പറഞ്ഞിരുന്നു. പ്രതി അഫാന്‍ രാവിലെ പാങ്ങോട്ടെ തറവാട് വീട്ടിലെത്തി എണ്‍പത്തിയെട്ട് വയസുള്ള പിതൃമാതാവ് സല്‍മാ ബീവിയെ കൊന്നു. ശേഷം ചുള്ളാളത്തെ ബന്ധുവീട്ടിലെത്തി. പിതൃസഹോദരന്‍ ലത്തീഫിനേയും ഭാര്യ ഷാഹിദയേയും കൊന്നു. അതിന് ശേഷം സ്വന്തം വീട്ടിലെത്തി അനിയന്‍ അഹസനെ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി അവനിഷ്ടപ്പെട്ട ഭക്ഷണം കുഴിമന്തി വാങ്ങി നല്‍കി. തിരിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന ശേഷം എട്ടാം ക്ലാസുകാരനായ അനിയനെ തലക്കടിച്ച് കൊന്നു. അമ്മ ഷെമിയേയും നേരത്തേ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന സുഹൃത്ത് ഫര്‍സാനയേയും തലക്കടിച്ച് വീഴ്ത്തി. കൂട്ടക്കുരുതിയുടെ വിവരം അയല്‍ക്കാര്‍ പോലുമറിയുന്നത് പൊലീസും അഗ്‌നിരക്ഷാസേനയും എത്തിയതിന് ശേഷം മാത്രമാണ്.


സാമ്പത്തിക പ്രതിസന്ധികളാണ് കൊലപാതക കാരണമെന്നാണ് പ്രതി പൊലീസിന് നല്‍കിയ ആദ്യ മൊഴി. ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പ്രണയം വീട്ടുകാര്‍ അംഗീകരിക്കാത്തതിന്റെ പകയിലെന്ന് ചില നാട്ടുകാര്‍ പറയുന്നു. ശാന്തപ്രകൃതനായിരുന്നു പ്രതിയെന്നും ആര്‍ക്കും മുഖം കൊടുക്കാത്ത തരമായിരുന്നുവെന്നും വേറെ ചിലര്‍ പറയുന്നു. ലഹരി ഉപയോഗിക്കുന്നയാളെന്നും ചിലര്‍ പറയുന്നുണ്ട്. അഞ്ചു പേരെ ഒന്നൊന്നായി കൊന്നൊടുക്കിയ പൈശാചിക കുറ്റകൃത്യത്തിന്റെ മരവിപ്പിലാണ് നാടൊന്നാകെ.

SCROLL FOR NEXT