പ്രശസ്ത നടന്‍ ഡല്‍ഹി ഗണേഷ് (80) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് അന്ത്യമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്‌കാര ചടങ്ങുകള്‍ ഇന്നുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മലയാളത്തിലടക്കം ഒട്ടുമിക്ക തെന്നിന്ത്യന്‍ സിനിമകളില്‍ സാന്നിധ്യമറിയിച്ച നടനാണ് ഡല്‍ഹി ഗണേഷ്. കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത് 1976 ല്‍ പുറത്തിറങ്ങിയ 'പട്ടണ പ്രവേശം' ആണ് ആദ്യ ചിത്രം. ഇതിനു ശേഷം മലയാളത്തിലും തമിഴിലും തെലുങ്കിലും അടക്കം നാനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.
സിനിമയിലെത്തുന്നതിനു മുമ്പ് 1964 മുതല്‍ 1974 വരെ ഇന്ത്യന്‍ വ്യോമസേനയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കമല്‍ ഹാസന്‍ ചിത്രങ്ങളായ നായകന്‍ (1987), മൈക്കല്‍ മദന കാമ രാജന്‍ (1990), അവ്വൈ ഷണ്‍മുഖി (1996) തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൊച്ചി രാജാവ്, കാലാപാനി, പോക്കിരി രാജ, മനോഹരം തുടങ്ങിയ മലയാള ചിത്രങ്ങളിലും വേഷമിട്ടു.
പസി എന്ന ചിത്രത്തിലെ അഭിനയത്തിന് 1979 ല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചു. രജനീകാന്ത്, കമല്‍ ഹാസന്‍, വിജയകാന്ത് എന്നിവര്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ വേഷങ്ങളും ഹാസ്യ കഥാപാത്രവും ഒരു പോലെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന ചുരുക്കം കാലാകാരന്മാരില്‍ ഒരാളായിരുന്നു ഡല്‍ഹി ഗണേഷ്.