NEWSROOM

വിക്കി കൗശല്‍ സിനിമ കണ്ട് നിധി തേടിയിറങ്ങി ജനങ്ങള്‍; വെട്ടിലായി ഭരണകൂടം

മുഗള്‍ഭരണകാലത്ത് സ്വര്‍ണം ഒളിപ്പിച്ചിട്ടുണ്ടെന്ന സിനിമാക്കഥ വിശ്വസിച്ചാണ് ഇവര്‍ 2 ദിവസമായി കുഴിച്ചു കൊണ്ടിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

സിനിമ കണ്ട് നിധി തേടി ഇറങ്ങിയിരിക്കുകയാണ് മധ്യപ്രദേശ് ബുര്‍ഹാന്‍പൂരിലെ ഗ്രാമവാസികള്‍. വിക്കി കൗശല്‍ നായകനായ ഛാവ സിനിമയിലെ സാങ്കല്‍പിക കഥകേട്ടാണ് ജനക്കൂട്ടം നിധി തേടി ഇറങ്ങിയിരിക്കുന്നത്. രാത്രിയില്‍ സ്വര്‍ണ്ണം കണ്ടെത്താനുള്ള തിരക്ക് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

പതിനഞ്ചാം നൂറ്റാണ്ടില്‍ നിര്‍മിച്ച മധ്യപ്രദേശിലെ അസീര്‍ഗഡ് കോട്ടയ്ക്ക് സമീപം, മുഗള്‍ഭരണകാലത്ത് സ്വര്‍ണം ഒളിപ്പിച്ചിട്ടുണ്ടെന്ന സിനിമാക്കഥ വിശ്വസിച്ചാണ് ഇവര്‍ 2 ദിവസമായി കുഴിച്ചു കൊണ്ടിരിക്കുന്നത്. രാത്രി ടോര്‍ച്ചടിച്ചും മൊബൈല്‍ ഫോണിന്റെ വെളിച്ചത്തിലും കുഴിയെടുക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്..

ഇതുകൊണ്ടൊന്നും തീരുന്നില്ല. മെറ്റല്‍ ഡിക്റ്റര്‍ പോലുള്ള ആധുനിക സംവിധാനങ്ങളുമായി തെരച്ചിലിനെത്തുന്ന വിദ്വാന്‍മാരുമുണ്ട് ഇക്കൂട്ടത്തിലുണ്ട്. ചിലര്‍ സ്വര്‍ണ്ണം കിട്ടിയെന്ന വാദമുയര്‍ത്തിയതോടെ തെരച്ചിലിനെത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. എന്തായാലും, സംഭവം വൈറലായതോടെ ജില്ലാ ഭരണകൂടം അന്വേഷണം തുടങ്ങിയെന്നും, കുഴിക്കുന്നത് തടയാന്‍ നടപടിയെടുത്തതായും ബുര്‍ഹാന്‍പുര്‍ കലക്ടര്‍ ഹര്‍ഷ് സിങ് പറഞ്ഞു. എന്നാല്‍ ഇനി എങ്ങാനും കുഴിച്ചവര്‍ക്ക് സ്വര്‍ണമോ മറ്റു നിധിയോ കിട്ടിയാല്‍ അത് സര്‍ക്കാറിന്റേതായിരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.

അതേസമയം, മുഗള്‍ കാലത്തെ സമ്പന്ന ചരിത്രം ഉറങ്ങുന്ന മണ്ണാണ് ബുര്‍ഹാന്‍പൂരിലേതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. സംഘര്‍ഷ കാലത്ത് ആളുകള്‍ പലപ്പോഴും തങ്ങളുടെ സമ്പത്ത് സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി മണ്ണിനടിയില്‍ കുഴിച്ചിടാറുണ്ടായിരുന്നു. എങ്കിലും ആളുകള്‍ കൂട്ടമായി വന്ന് മണ്ണ് കുഴിച്ച് പോകുന്നത് വിലയേറിയ പൈതൃകത്തിന്റെ നഷ്ടത്തിലേക്ക് നയിച്ചേക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അസീര്‍ഗഡ് കോട്ടയുടെ സമീപങ്ങളില്‍ നിന്ന് നേരത്തേ നാണയങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇപ്പോള്‍ നിധി തേടിയെത്തുന്ന ആളുകളെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്നും ജില്ലാ പുരാവസ്തു വകുപ്പ് അംഗമായ ശാലിക്രം ചൗധരി പറയുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

SCROLL FOR NEXT