NEWSROOM

ഡല്‍ഹി തിയേറ്ററില്‍ തീപ്പിടുത്തം; വിക്കി കൗശലിന്റെ 'ഛാവ' പ്രദര്‍ശനം തടസപ്പെട്ടു

സിനിമയുടെ പ്രദര്‍ശനത്തിനിടെ വൈകുന്നേരം 5:44ഓടെയാണ് തീപിടുത്തമുണ്ടായത്

Author : ന്യൂസ് ഡെസ്ക്


ഡല്‍ഹിയിലെ സെലക്ട് സിറ്റിവാക്ക് മാളിലെ തിയേറ്ററിനുള്ളിലെ തീപ്പിടുത്തത്തെ തുടര്‍ന്ന് ബോളിവുഡ് താരം വിക്കി കൗശല്‍ നായകനായ ഛാവ എന്ന ചിത്രത്തിന്റെ പ്രദര്‍ശനം തടസപ്പെട്ടു. ബുധനാഴ്ച്ച ഡല്‍ഹിയില്‍ വെച്ചാണ് സംഭവം നടന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് മാള്‍ ഉടമസ്ഥര്‍ പറയുന്നത്. ആ സമയത്ത് ഹാളിനുള്ളില്‍ ഏകദേശം 150 പേര്‍ ഉണ്ടായിരുന്നു. തീപിടുത്തം പ്രേക്ഷകരില്‍ പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും പരിക്കുകളില്ലതെ എല്ലാവരും രക്ഷപ്പെടുകയായിരുന്നുവെന്നും തിയേറ്റര്‍ അധികൃതര്‍ അറിയിച്ചു.

സിനിമയുടെ പ്രദര്‍ശനത്തിനിടെ വൈകുന്നേരം 5:44ഓടെയാണ് തീപിടുത്തമുണ്ടായത്. തുടര്‍ന്ന് ആറ് ഫയര്‍ ടെന്‍ഡറുകള്‍ സ്ഥലത്തേക്ക് അയച്ചതായും ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. തീയണയ്ക്കാന്‍ അടിയന്തര സംഘങ്ങളെ ഉടന്‍ തന്നെ അയച്ചതായും ആര്‍ക്കും പരിക്കില്ലന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തീയും പുകയും പടരുന്നത് കണ്ടയുടനെ ആളുകള്‍ പരിഭ്രാന്തരായി. തീ ചെറുതായിരുന്നെങ്കിലും, അലാറം മുഴങ്ങിയതോടെ സിനിമാ ഹാള്‍ ജീവനക്കാര്‍ അകത്തേക്ക് പ്രവേശിക്കുകയും എല്ലാവരോടും ഉടന്‍ ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. കൃത്യമായ കാരണം അന്വേഷണത്തിന് ശേഷം വ്യക്തമാകുമെന്ന് പൊലീസ് പറഞ്ഞു.

ലക്ഷ്മണ്‍ ഉടേക്കറാണ് 2025 ഫെബ്രുവരി 14ന് റിലീസ് ചെയ്ത 'ഛാവ'യുടെ സംവിധായകന്‍. വിക്കി കൗശലും രശ്മിക മന്ദാനയും അഭിനയിച്ച ഈ ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. മറാത്തി നോവലായ 'ഛാവ'യെ അടിസ്ഥാനമാക്കിയുള്ള ഈ ആക്ഷന്‍ ഡ്രാമ ചിത്രം, മറാത്തി സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി സംഭാജി മഹാരാജിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് നിര്‍മിച്ചിരിക്കുന്നത്. അക്ഷയ് ഖന്ന, അശുതോഷ് റാണ, ദിവ്യ ദത്ത എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ഛാവ മാര്‍ച്ച് 7ന് തെലുങ്ക് സ്‌ക്രീനുകളിലും എത്തുമെന്ന് നിര്‍മാതാക്കള്‍.

SCROLL FOR NEXT