പരിഹസിക്കലും അവഹേളിക്കലും ബലഹീനതയുടെ ലക്ഷണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നേതാക്കൾക്കെതിരെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വാക്കുകൾ പ്രയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന്, അനുയായികളോടും മറ്റു വിമർശകരോടും രാഹുൽ ആവശ്യപ്പെട്ടു. തൻ്റെ ഔദ്യോഗിക എക്സ് പേജിലൂടെയാണ് രാഹുൽ നിലപാട് വ്യക്തമാക്കിയത്. മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരായ സൈബർ ആക്രമണങ്ങൾ പരാമർശിച്ചു കൊണ്ടായിരുന്നു രാഹുലിൻ്റെ പ്രസ്താവന.
ജയവും തോൽവിയും ജീവിതത്തിൻ്റെ ഭാഗമാണെന്നും ആളുകളെ അപമാനിക്കുന്നത് ബലഹീനതയുടെ ലക്ഷണമാണെന്നും കോൺഗ്രസ് നേതാവ് തൻ്റെ പോസ്റ്റിൽ കുറിച്ചു. "ജയവും തോൽവിയും ജീവതത്തിൽ സംഭവിക്കുന്നതാണ്. ശ്രീമതി സ്‌മൃതി ഇറാനിയോടും മറ്റേതെങ്കിലും നേതാക്കളോടും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വാക്കുകൾ ഉപയോഗിക്കുന്നതിൽ നിന്നും മോശം പെരുമാറുന്നതിൽ നിന്നും വിട്ടു നിൽക്കാൻ ഞാൻ എല്ലാവരോടും അഭ്യർഥിക്കുകയാണ്. പരിഹാസവും അവഹേളനവും ശക്തിയുടേതല്ല, ബലഹീനതയുടെ ലക്ഷണമാണ്," രാഹുൽ വ്യക്തമാക്കി.
അതേസമയം, നേതാക്കൾക്കെതിരായ സൈബർ ആക്രമണമാണ് നേതാവിനെ ചൊടിപ്പിച്ചതെന്നാണ് സൂചന. അമേഠിയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച സ്മൃതി ഇറാനി പരാജയപ്പെട്ടതോടെ നിരവധി ആളുകളാണ് മുൻമന്ത്രിക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയത്. രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായ കിഷോരി ലാൽ ശർമ്മയോട് ഒന്നരലക്ഷത്തിലധികം വോട്ടുകൾക്കാണ് സ്മൃതി പരാജയപ്പട്ടത്.