NEWSROOM

മഹാരാഷ്ട്രാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ; വീണ്ടും ചർച്ചയായി വിദർഭ ജലസേചന പദ്ധതി കുംഭകോണം

സാംഗ്ലി ജില്ലയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ ഉപമുഖ്യമന്ത്രി അജിത് പവാറാണ് ഇക്കാര്യം ഉന്നയിച്ചത്

Author : ന്യൂസ് ഡെസ്ക്



നവംബർ 20 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വീണ്ടും ചർച്ചയായി വിദർഭ ജലസേചന പദ്ധതി കുംഭകോണം. ഒരു ദശാബ്ദത്തിനു മുമ്പുള്ള ജലസേചന പദ്ധതി കുംഭകോണമാണ് വീണ്ടും തെരഞ്ഞെടുപ്പ് വിഷയമാവുന്നത്. സാംഗ്ലി ജില്ലയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ ഉപമുഖ്യമന്ത്രി അജിത് പവാറാണ് ഇക്കാര്യം ഉന്നയിച്ചത്. അന്തരിച്ച എൻസിപി നേതാവ് ആർ.ആർ. പാട്ടീലിനെതിരെയാണ് അജിത്തിന്റെ വിമർശനം.

അന്നത്തെ മന്ത്രി ആർ.ആർ. പാട്ടീൽ ഈ കേസിൽ തനിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടുവെന്നും സുഹൃത്തായ പാട്ടീൽ പിന്നിൽ നിന്ന് കുത്തിയെന്നും പവാർ പറഞ്ഞു. 2000- 2014 ൽ അജിത് പവാർ കോൺഗ്രസ്-എൻസിപി സർക്കാരിൽ ജലവിഭവ മന്ത്രിയായിരിക്കെ പദ്ധതിക്കായി 70,000 കോടി ചെലവഴിച്ചുവെന്നും എന്നാൽ ജലസേചന തോത് 0.1% മാത്രമാണ് വർധിച്ചതെന്നും 2012 ൽ സാമ്പത്തിക സർവേ റിപ്പോർട്ട് പുറത്തുവന്നിരുന്നു.

38 പദ്ധതികൾക്ക് വിദർഭ ജലസേചന വികസന കോർപ്പറേഷൻ്റെ ചെയർമാൻ കൂടിയായിരുന്ന അജിത് പവാർ അനുമതി നൽകിയെന്ന് ചീഫ് എഞ്ചിനീയറായിരുന്ന വിജയ് പാണ്ഡാരെ അടക്കം പരാതിപ്പെട്ടിരുന്നു. തുടർന്നാണ് പാട്ടീൽ അജിത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ 42,000 കോടിയാണ് പദ്ധതിക്ക് വിനിയോഗിച്ചതെന്നും 72,000 കോടിയുടെ കണക്ക് തന്നെ അത്ഭുതപ്പെടുത്തിയെന്നുമാണ് അജിത് പവാറിന്റെ വാദം. തനിക്കെതിരായ ഈ നീക്കം, പ്രതീക്ഷിച്ചിരുന്നില്ലെന്നും അജിത് പറഞ്ഞു.

2014 ൽ മഹാരാഷ്ട്രാ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്, പാട്ടീൽ ഒപ്പിട്ട ഫയൽ തന്നെ കാണിച്ചു - റാലിയിൽ അദ്ദേഹം പറഞ്ഞു. ആർ.ആർ പാട്ടീലിൻ്റെ മകൻ രോഹിത്, ശരദ് പവാർ വിഭാഗം സ്ഥാനാർഥിയാണ്. അതേ മണ്ഡലത്തിലാണ് അജിത് പവാറിന്റെ പരാമർശം. എന്നാൽ അന്നത്തെ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാൻ ഈ വാദം തള്ളി രംഗത്തുവന്നു. പാട്ടീൽ ഒപ്പിട്ട ഫയൽ കണ്ടിട്ടില്ല. എൻസിപിയും അജിത് പവാറും സർക്കാരിനെ പ്രശ്നത്തിലാക്കി അധികാരം നഷ്ടപ്പെടുത്തുകയാണ് ചെയ്തെന്നും ചവാൻ വിമർശിച്ചു.

SCROLL FOR NEXT