ന്യൂഡൽഹിയിലെ അപ്രതീക്ഷിത ആലിപ്പഴവർഷത്തെത്തുടർന്ന് ഇൻഡിഗോ വിമാനം റഫ് ലാൻഡിങ് നടത്തി. 200 ലധികം യാത്രക്കാരുമായി ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട വിമാനമാണ് ശ്രീനഗറിൽ റഫ് ലാൻഡിങ് നടത്തിയത്. റഫ് ലാൻഡിങ്ങിനെ തുടർന്ന് വിമാനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയിൽ വിമാനം ആടിയുലയുന്നതടക്കമുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
വീഡിയോയിൽ വിമാനം ശക്തമായി കുലുങ്ങുന്നതും യാത്രക്കാരും കുട്ടികളും നിലവിളിക്കുന്നതും കാണാം. വിമാനം കൊടുങ്കാറ്റിൽപ്പെട്ടതോടെയാണ് ആശങ്കയുയർന്നത്. ഇന്ന് വൈകീട്ട് 6.30ഓടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.
"ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് സർവീസ് നടത്തിയിരുന്ന ഇൻഡിഗോ വിമാനം 6E 2142യുടെ യാത്രാമധ്യേ അപ്രതീക്ഷിതമായി ആലിപ്പഴവർഷം ഉണ്ടായി. വിമാനവും ക്യാബിൻ ജീവനക്കാരും സ്ഥാപിതമായ പ്രോട്ടോക്കോൾ പാലിച്ച്, വിമാനം ശ്രീനഗറിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു," എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. ആവശ്യമായ പരിശോധനയ്ക്കും അറ്റകുറ്റപ്പണികൾക്കും ശേഷം വിമാനം വിട്ടയക്കുമെന്നും എയർലൈൻസ് കൂട്ടിച്ചേർത്തു. എന്നാൽ വിമാനത്തിനുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് എയർലൈൻ വ്യക്തമാക്കിയിട്ടില്ല.
അതേസമയം ഡൽഹിയിൽ കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിൽ ഡൽഹി വിമാനത്താവളം യാത്രക്കാർക്കുള്ള നിർദേശങ്ങൾ പുറത്തിറക്കി. "ഡൽഹിയിലെ പ്രതികൂല കാലാവസ്ഥയും ഇടിമിന്നലും ഡൽഹി വിമാനത്താവളത്തിലെ സർവീസുകളെ ബാധിച്ചേക്കാം. സുഗമവും കാര്യക്ഷമവുമായ യാത്രാ അനുഭവം ഉറപ്പാക്കാൻ ഞങ്ങളുടെ ഓൺ-ഗ്രൗണ്ട് ടീമുകൾ പ്രവർത്തിക്കുന്നുണ്ട്. അപ്‌ഡേറ്റ് ചെയ്ത ഫ്ലൈറ്റ് വിവരങ്ങൾക്കായി യാത്രക്കാർ ബന്ധപ്പെട്ട എയർലൈനുമായി ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു," ഡൽഹി വിമാനത്താവളം എക്സിൽ പങ്കുവെച്ച പ്രസ്താവനയിൽ പറഞ്ഞു.
ഡല്‍ഹിയിലും നോയിഡയിലും ശക്തമായ കൊടുങ്കാറ്റും കനത്ത മഴയുമാണ് അനുഭവപ്പെടുന്നത്. ഇന്ന് വൈകീട്ടു മുതല്‍ ആരംഭിച്ച കാറ്റിലും മഴയിലും ഡല്‍ഹിയിലെ പല സ്ഥലങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. നിരവധി പ്രദേശങ്ങളില്‍ വെള്ളക്കെട്ടും വൈദ്യുതി തടസ്സവും ഉണ്ടായി.
ചിലയിടങ്ങളില്‍ മണിക്കൂറില്‍ 79 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് വിമാന സര്‍വീസുകളേയും തടസ്സപ്പെടുത്തിയിട്ടുണ്ട്. ശക്തമായ കാറ്റില്‍ പല സ്ഥലങ്ങളിലും ഹോര്‍ഡിങ്ങുകളും മരങ്ങളും വീണിട്ടുണ്ട്. ഡല്‍ഹി ലോധി റോഡില്‍ ആലിപ്പഴ വര്‍ഷവും സഫ്ദര്‍ജങ്ങില്‍ മണിക്കൂറില്‍ 79 കിലോമീറ്റര്‍ വേഗതയില്‍ കാറ്റും വീശിയതായി റിപ്പോര്‍ട്ടുണ്ട്.