NEWSROOM

അരങ്ങിലും അണിയറയിലുമായി അരനൂറ്റാണ്ട്; വിദ്യാധരൻ മാസ്റ്റർക്ക് ഇത് കാലങ്ങൾ വൈകിയെത്തിയ പുരസ്കാരം

അർഹിച്ച അംഗീകാരങ്ങളില്‍ തഴയപ്പെട്ടെന്ന് സാസ്കാരിക ലോകം തന്നെ വ്യസനപ്പെട്ട പ്രതിഭയെ തേടിയാണ് കാലങ്ങള്‍ വെെകി ഒരു സംസ്ഥാന പുരസ്കാരമെത്തുന്നത്

Author : ന്യൂസ് ഡെസ്ക്

കാലഭേദമില്ലാത്ത സംഗീതവുമായി അരങ്ങിലും അണിയറിയിലുമായി അരനൂറ്റാണ്ടാണ് വിദ്യാധരന്‍ മാസ്റ്റർ എന്ന സംഗീതജ്ഞന്‍ പിന്നിട്ടത്. മലയാള സംഗീതത്തിന്‍ തുടിപ്പുകള്‍ മാറുന്നതിന്‍റെ പരിണാമ ദിശകളോരോന്നും ഇക്കാലയളവില്‍ കണ്ടുനിന്നയാളാണ്. അർഹിച്ച അംഗീകാരങ്ങളില്‍ തഴയപ്പെട്ടെന്ന് സാംസ്കാരിക ലോകം തന്നെ വ്യസനപ്പെട്ട പ്രതിഭയെ തേടിയാണ് കാലങ്ങള്‍ വെെകി ഒരു സംസ്ഥാന പുരസ്കാരമെത്തുന്നത്.

സംഗീത സംവിധായകനെന്ന നിലയിലും ഗായകനെന്ന നിലയിലും മലയാള സംഗീതത്തില്‍ സ്വന്തം ശെെലി കാത്തുസൂക്ഷിച്ചുകൊണ്ടാണ് വിദ്യാധരന്‍ മാസ്റ്റർ അരനൂറ്റാണ്ട് പിന്നിടുന്നത്. ഇക്കാലയളവില്‍ പലപ്പോഴും, അദ്ദേഹത്തിന് അർഹിച്ച അംഗീകാരങ്ങള്‍ പലതും കെെയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ടിട്ടുണ്ട്. പാദമുദ്രയിലെ 'അമ്പലമില്ലാതെ ആൽത്തറയിൽ വാഴും' എന്ന പാട്ടില്‍ അശ്ലീലത്തിന്‍റെ അതിപ്രസരം എന്ന് വിധിച്ച് ദേശീയപുരസ്കാരം നഷ്ടപ്പെട്ടതില്‍ തുടങ്ങുന്ന തഴയപ്പെടലുകളുടെ ചരിത്രം.

കല്‍പാന്ത കാലത്തോളം പ്രണയം പകർന്നതും, നഷ്ടസ്വർഗ്ഗങ്ങളില്‍ വിരഹം പകർന്നതും, ചന്ദനം മണക്കുന്ന പൂന്തോട്ടത്തില്‍ ഗൃഹാതുരത പകർന്നതും വിദ്യാധരന്‍ മാസ്റ്റർ തന്നെയാണ്. ദക്ഷിണാമൂർത്തിയും, കെ. ജെ. യേശുദാസും, ചിത്രയും സ്വരം നല്‍കിയ ആ പാട്ടുകള്‍ ഒരുകാലത്തെ മലയാളിയുടെ റേഡിയോ ആസ്വാദനത്തില്‍ നിന്ന് ഇന്നത്തെ തലമുറയുടെ വരെ കംഫർട്ട് സോങ്ങുകളായി മാറി. ഒ.എൻ.വി. കുറുപ്പ്, എസ്. രമേശൻ നായർ, പി. ഭാസ്കരൻ എന്നിങ്ങനെ പ്രതിഭാധനരുടെ വരികളില്‍ അനശ്വരഗീതം തീർത്തു.

പില്‍ക്കാലത്ത്, വിദ്യാധരന്‍ മാസ്റ്ററിലെ സംഗീതജ്ഞന്‍ പിന്മാറുകയും ഗായകനായി തുടരുകയും ചെയ്തു. തന്നെയിപ്പോള്‍ പാടാനാണ് കൂടുതലും വിളിക്കാറെന്ന് മാസ്റ്റർ തന്നെ പറയുന്നു. അപ്പോഴും, ശെെലീപരമായ മാറ്റം അംഗീകരിച്ചുകൊണ്ടു മാത്രമേ ഏത് കലാകാരനും മുന്നോട്ടുപോകാനാകൂ എന്ന നിലപാടില്‍ ഉറച്ചുനിന്നു. തണ്ണീർമത്തന്‍ ദിനങ്ങളിലെ എന്ത് വിധിയിത് എന്ന പാട്ട് വിദ്യാധരന്‍ മാസ്റ്ററുടെ സ്വരത്തില്‍ കേള്‍ക്കുമ്പോഴും കൗമാരക്കാരന്‍റെ ദുഖത്തില്‍ ശബ്ദമൊരു കല്ലുകടിയാകാത്തത് ആ വഴക്കം കൊണ്ടാണ്. ഇതേ മാസ്റ്റർ കഥാവശേഷനിലെ കണ്ണുനട്ട് കാത്തിരുന്നിട്ട് എന്ന പാട്ടിന് സ്വരം കൊടുത്തപ്പോള്‍ അത് ഇന്ദ്രന്‍സിന്‍റേതെന്ന് തോന്നിച്ചതും മറ്റൊരുദാഹരണം.

ശുദ്ധസംഗീത വാദത്തിന്‍റെ ചരടുപിടിക്കാതെ കേള്‍വിക്ക് സുഗമുണ്ടാക്കുന്നതാണ് സംഗീതമെന്ന് പലപ്പോഴും അദ്ദേഹം പറഞ്ഞിട്ടുണ്ട്. പ്രണയഗാനങ്ങളും ഭക്തിഗാനങ്ങളും ഗ്രാമീണ ഗാനങ്ങളും ഉള്‍പ്പെടുന്ന നാനൂറോളം ആല്‍ബങ്ങളും മാസ്റ്ററുടേതായുണ്ട്. പലപ്പോഴും തെളിക്കുന്ന വഴിയേ നടക്കാതിരുന്ന ശീലമാകും തന്നിലേക്ക് അംഗീകാരങ്ങളെത്താതിരിക്കാന്‍ കാരണമെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തുന്നു.

ഒടുവില്‍ അരനൂറ്റാണ്ടിന്‍റെ സംഗീതജീവിതത്തില്‍, 79-ാം വയസില്‍, ആദ്യമായി ഒരു സംസ്ഥാന ചലച്ചിത്ര പുരസ്കാരം വിദ്യാധരന്‍ മാസ്റ്റർ നേടുന്നു. അതും, ഗായകനെന്ന നിലയില്‍. പുരസ്കാരമെത്തിയത് ജനനം 1947, പ്രണയം തുടരുന്നു എന്ന ചിത്രത്തിലൂടെയാണ്. പക്ഷേ, അങ്ങനെയൊരു പാട്ട് പാടിയത് പോലും ഓർത്തെടുക്കാനാവുന്നില്ല എന്നാണ് പുരസ്കാരത്തോടുള്ള അദ്ദേഹത്തിന്‍റെ പ്രതികരണം.

SCROLL FOR NEXT