ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി 75000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ ഇടുക്കി ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ എൽ മനോജിനെയാണ് കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്തത്. മൂന്നാറിലെ ഒരു ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാനായാണ് ഇയാൾ കൈക്കൂലി വാങ്ങിയത്.
ഡിഎംഒയുടെ ഡ്രൈവറുടെ ഗൂഗിൾ അക്കൗണ്ട് വഴിയാണ് പണം സ്വീകരിച്ചത്. ഡ്രൈവർ രാഹുൽരാജിനെയും വിജിലൻസ് കസ്റ്റഡിയിലെടുത്തു. സസ്പെന്ഷനിൽ ആയിരുന്ന മനോജ് ഇന്നാണ് സർവീസിൽ കയറിയത്. സർവീസിൽ തിരികെ കയറിയ ഇന്ന് തന്നെയാണ് കൈക്കൂലി വാങ്ങിയതും. ഗുരുതര ആരോപണങ്ങളെ തുടർന്നാണ് ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി മനോജിനെ സസ്‌പെൻഡ് ചെയ്തത്.
ഗുരുതര പരാതികളെ തുടർന്ന് ഗവർണറുടെ ഓഫീസ് ശുപാർശ ചെയ്തതിനെ തുടർന്ന് ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയാണ് ഡോ. എൽ മനോജിനെ രണ്ട് ദിവസം മുമ്പ് സസ്‌പെൻഡ് ചെയ്തത്. എന്നാൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുണലിൽ നടപടിയെ ചോദ്യം ചെയ്ത ഡോ. മനോജിനെ വീണ്ടും സർവീസിൽ തിരിച്ചെടുക്കാൻ ഉത്തരവിടുകയായിരുന്നു.
ഇടുക്കിയിലെ ഡിഎംഒ ഓഫീസിൽവെച്ചാണ് ഡോ. മനോജിന്റെ അറസ്റ്റ് വിജിലൻസ് രേഖപ്പെടുത്തിയത്. ഇയാൾക്കെതിരെ കൈക്കൂലി ആവശ്യപ്പെട്ട നിരവധി പരാതികൾ ഉണ്ടെന്നും വിജിലൻസ് അറിയിച്ചു. ഇടുക്കി വിജിലൻസ് ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഡിഎംഒയെയും ഡ്രൈവറേയും അറസ്റ്റ് ചെയ്തത്. സസ്പെൻഷനിലായ ഡി.എം.ഒ തിരികെ ജോലിയിൽ കയറിയ അന്നു തന്നെ കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്യുകയായിരുന്നു.