NEWSROOM

211 കോടിയുടെ ക്രമക്കേട് നടന്നുവെന്ന് ഓഡിറ്റ് റിപ്പോർട്ട്; കോട്ടയം നഗരസഭയിൽ വിജിലൻസ് റെയ്ഡ്

211 കോടി 89 ലക്ഷത്തി 4,017 രൂപയുടെ കുറവാണ്‌ ഓഡിറ്റ്‌ റിപ്പോർട്ടിൽ കണ്ടെത്തിയത്‌

Author : ന്യൂസ് ഡെസ്ക്

കോട്ടയം നഗരസഭയിൽ വിജിലൻസ് റെയ്ഡ്. 211 കോടിയുടെ ക്രമക്കേട് നടന്നുവെന്ന ഓഡിറ്റ് റിപ്പോർട്ടിനെ തുടർന്നായിരുന്നു പരിശോധന. വിജിലൻസ് ഡിവൈഎസ്പി വി.ആർ. രവികുമാറിൻ്റെ നേതൃത്തിൽ ആയിരുന്നു റെയ്ഡ്. ജില്ലാ ഓഡിറ്റ് ഓഫീസറും സംഘത്തിൽ ഉണ്ടായിരുന്നു. ഇന്നലെ ചേർന്ന കൗൺസിലിൽ ഓഡിറ്റ് റിപ്പോർട്ട് സാങ്കേതിക പിഴവ് മാത്രമാണെന്നും പണം നഷ്ടമായിട്ടില്ലെന്നും സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിജിലൻസ് റെയ്ഡ് നടന്നത്.

211 കോടി 89 ലക്ഷത്തി 4,017 രൂപയുടെ കുറവാണ്‌ ഓഡിറ്റ്‌ റിപ്പോർട്ടിൽ കണ്ടെത്തിയത്‌. നഗരസഭയുടെ അക്കൗണ്ടുകളില്‍ 211.89 കോടി രൂപ കാണാനില്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. നഗരസഭ വിവിധ ബാങ്കുകളിൽ നിക്ഷേപിച്ചു എന്ന് പറയുന്ന പണം അക്കൗണ്ടുകളിൽ എത്തിയിട്ടില്ലെന്നായിരുന്നു ആരോപണം. നഗരസഭയുടെ ബാങ്ക് അക്കൗണ്ടുകളിലെ റീ കണ്‍സിലിയേഷന്‍ രേഖകള്‍ പരിശോധിച്ചതില്‍, ചെക്ക് മുഖേന വരവ് രേഖപ്പെടുത്തിയിട്ടുള്ള തുക കാണാനില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശം ന​ഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ നേതാവ്‌ അഡ്വ. ഷീജ അനിൽ ആണ് ഉന്നയിച്ചത്. തനത്‌ ഫണ്ടിനത്തിൽ എസ്ബിഐ, എസ്ഐബി, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നീ ബാങ്കുകളിൽ നിക്ഷേപിക്കേണ്ട തുകയാണ്‌ കാണാതായത്‌. വിഷയത്തിൽ എൽഡിഎഫ് പ്രവർത്തകർ നഗരസഭയിൽ പ്രതിഷേധം നടത്തിയിരുന്നു. ഓഡിറ്റ് റിപ്പോർട്ട് പരിശോധിച്ച ശേഷം നടപടി എടുക്കും എന്നാണ് സെക്രട്ടറിയുടെ നിലപാട്. ആരോപണങ്ങള്‍ ഉയർന്ന സാഹചര്യത്തില‍ അന്വേഷണം നടത്തുമെന്നാണ് നഗരസഭാ ചെയർപേഴ്‌സൺ ബിന്‍സി സെബാസ്റ്റ്യൻ ഉറപ്പ് നൽകിയിരുന്നത്.

മുൻജീവനക്കാരൻ്റെ പെൻഷൻ ഫണ്ട് തട്ടിപ്പിന് പിന്നാലെ കോട്ടയം നഗരസഭയിൽ വീണ്ടും സാമ്പത്തിക ക്രമക്കേട് ആരോപണം ഉയർന്നുവന്നത്. പെൻഷൻ ഫണ്ട് തട്ടിപ്പിൽ തദ്ദേശ വകുപ്പ് ജോയിൻ്റ് ഡയറക്ടുടെ അന്വേഷണത്തില്‍ സെക്രട്ടറിയുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2.39 കോടിയുടെ പെൻഷൻ തട്ടിപ്പാണ് കോട്ടയം നഗരസഭയിലെ മുൻ ജീവക്കാരൻ അഖിൽ സി. വർഗീസ് നടത്തിയത്. അഖിൽ 5 മാസമായി ഒളിവിലാണ്.

SCROLL FOR NEXT