എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ പ്രതിയായ വിജിലൻസ് കേസിൽ ഇഡിയും വിജിലൻസും നേർക്കുനേർ. പരാതിക്കാരനെതിരായ ഇഡി കേസിന്റെ വിശദാംശങ്ങൾ തേടി വിജിലൻസ് രംഗത്തെത്തി. കേസ് ഫയൽ ആവശ്യപ്പെട്ട് ഇഡി ക്ക് വിജിലൻസ് കത്ത് നൽകിയിട്ടുണ്ട്. വിജിലൻസ് കേസിന്റെ എഫ്ഐആർ ഇഡിയും ആവശ്യപ്പെട്ടിരിക്കുകയാണ്.
അഴിമതിക്കെതിരെ സന്ധിയില്ലാ പോരാട്ടമാണ് നടക്കുന്നതെന്ന് വിജിലൻസ് എസ്‌പി എസ്. ശശിധരൻ പറയുന്നു. ഇഡി യോട് കേസ് വിശദംശങ്ങൾ തേടിയിട്ടുണ്ട്. നോട്ടീസിന് മറുപടി കിട്ടിയിട്ടില്ല. കസ്റ്റഡി നീട്ടി കിട്ടാത്തത് തിരിച്ചടിയായി കാണുന്നില്ലെന്നും ഇഡിയിലെ മറ്റ് ഉദ്യോഗസ്ഥർക്കെതിരായ പരാതിക്കാരന്റെ മൊഴിയും അന്വേഷിക്കുമെന്നും എസ്. ശശിധരൻ ചൂണ്ടിക്കാട്ടി.
അതേസമയം ചോദ്യം ചെയ്യലിനായി കേസിലെ മൂന്ന് പ്രതികൾ കൊച്ചിയിലെ വിജിലൻസ് ഓഫീസിൽ ഹാജരായി. ചാർട്ടഡ് അക്കൗണ്ടന്റ് രഞ്ജിത് വാര്യർ. രണ്ടാംപ്രതി വിൽസണും മൂന്നാം പ്രതി മുകേഷ് എന്നിവരാണ് കൊച്ചിയിലെ വിജിലൻസ് ഓഫീസിൽ ഹാജരായത്. ഏഴുദിവസം ചോദ്യംചെയ്യലിന് ഹാജരാകണം എന്നാണ് കോടതി നിർദേശം.
ഇഡിക്കെതിരെ പരാതി നൽകിയ അനീഷ് ബാബുവിനെതിരെയുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. അഞ്ച് വര്‍ഷം മുന്നേ കോടികള്‍ തട്ടിയതിന് കേരള പൊലീസിന്റെ പിടിയിലായ വ്യക്തിയാണ് അനീഷ് ബാബു. ടാന്‍സാനിയയില്‍നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്ത് നല്‍കാമെന്ന് പറഞ്ഞ് വിവിധ കശുവണ്ടി വ്യാപാരികളില്‍നിന്ന് 14.73 കോടി തട്ടിയെന്ന കേസിലായിരുന്നു 2020 ജനുവരിയില്‍ അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.