NEWSROOM

വിജയ് ഹസാരെ ട്രോഫിയിൽ അഞ്ചാമതും മുത്തമിട്ട് കർണാടക; വിദർഭയെ തകർത്തത് 36 റൺസിന്

ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സ് നേടി. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന വിദര്‍ഭ 48.2 ഓവറില്‍ 312 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

വിജയ് ഹസാരെ ട്രോഫിയിൽ അഞ്ചാം കിരീടത്തിൽ മുത്തമിട്ട് കർണാടക. ഫൈനലിൽ വിദർഭയെ 36 റൺസിന് തോൽപ്പിച്ചാണ് കർണാടക വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സ് നേടി. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന വിദര്‍ഭ 48.2 ഓവറില്‍ 312 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു.

കര്‍ണാടക കൂറ്റന്‍ വിജയലക്ഷ്യം കുറിച്ചതോടെ വിദര്‍ഭയുടെ തോല്‍വി ഏതാണ്ട് ഉറപ്പായിരുന്നു. എന്നാല്‍ ഓപ്പണര്‍ ധ്രുവ് ഷോറെ സെഞ്ചുറി നേടി മികച്ച തുടക്കമിട്ടു. 111 പന്തില്‍ 110 റണ്‍സ് നേടിയാണ് താരം പുറത്തായത്. എന്നാല്‍ ആവശ്യമായ റണ്‍റേറ്റ് നിലനിര്‍ത്താന്‍ പിന്നീടെത്തിയവര്‍ക്ക് കഴിഞ്ഞില്ല. 30 പന്തില്‍ 63 റണ്‍സ് നേടി ഹര്‍ഷ് ദുബെ അവസാനം തകര്‍ത്തടിച്ചെങ്കിലും ലക്ഷ്യം അകലെയായിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മ 43 പന്തില്‍ 34 റണ്‍സ് നേടി.

കര്‍ണാടകയ്ക്ക് വേണ്ടി വാസുകി കൗഷിക്, പ്രസിദ്ധ് കൃഷ്ണ, അഭിലാഷ് ഷെട്ടി എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. കര്‍ണാടകയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളും ദേവ്ദത്ത് പടിക്കലുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്.

SCROLL FOR NEXT