NEWSROOM

തമിഴ് അരസിയലിലെ പുതു സത്തം; തമിഴ് ജനത വിജയ്‌ക്കൊപ്പമോ ഉദയനിധിക്കൊപ്പമോ?

നടന്‍ വിജയ്‌യുടെ കുരുവി നിര്‍മിച്ചയാളാണ് ഡിഎംകെ പുതിയ ഉപമുഖ്യമന്ത്രി

Author : ന്യൂസ് ഡെസ്ക്

അപ്പടിപ്പട്ട കാങ്ഗ്രസ് കച്ചിക്ക് ഓട്ട് പോടുവീങ്കളാ?' -
ആ ചോദ്യം കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ മലമ്പ്രദേശത്ത് ഉയര്‍ന്നു,
അത് കേട്ട ദരിദ്രരായ തൊഴിലാളികള്‍ വിളിച്ചുപറഞ്ഞു,.. - 'ഇല്ലൈ ഇല്ലൈ'..



കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നരച്ച കൊടികളുയര്‍ന്ന 60 കളിലെ ഇടുക്കിയില്‍ ഇങ്ങനെയൊരു ദൃശ്യമുണ്ട്. രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്ന് വന്ന് തമിഴ് സിനിമ കീഴടക്കിയ ഒരു കുടുംബത്തിന്റെ കഥയില്‍ ഈ പ്രദേശമുണ്ട്. രാമസ്വാമി പാവലര്‍ വരദരാജനും സഹോദരങ്ങളും കമ്യൂണിസ്റ്റ് കൊടികള്‍ക്ക് കീഴെ ഹാര്‍മോണിയം വായിച്ച് പാട്ടുകള്‍ പാടിയ കാലം. പാവലര്‍ ബ്രദേഴ്‌സ് മ്യൂസിക് ട്രൂപ്പ് കമ്പം, തേനി ഭാഗത്ത് കമ്യൂണിസ്റ്റ് യോഗങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു. ആദ്യ ഉപതെരഞ്ഞെടുപ്പ് നടന്ന ദേവികുളത്ത് സഖാവ് റോസമ്മ പുന്നൂസിന് വേണ്ടിയും അവര്‍ പടപ്പാട്ടുകള്‍ പാടി. ദേവികുളത്ത് ചെങ്കൊടിപ്പാര്‍ട്ടി ജയിച്ചപ്പോള്‍ ഇഎംഎസ് പറഞ്ഞു, വരദരാജന്റെ പാട്ട് പാര്‍ട്ടിയെ ജയിപ്പിച്ചുവെന്ന്. ആ വിപ്ലവഗാനങ്ങള്‍ക്ക് ഹാര്‍മോണിയം വായിച്ച വരദരാജന്റെ കൗമാരക്കാരനായ സഹോദരന്‍ കാലാന്തരത്തില്‍ പാട്ടിന്റെ തന്നെ ദൈവമായി. കോടിക്കണക്കിന് മനുഷ്യര്‍ ആ പാട്ടുകള്‍ കേട്ടു, ഹൃദയത്തില്‍ പറ്റിപ്പിടിച്ച ആ ഈണങ്ങള്‍ ഇടക്കിടെ മൂളി, അതില്‍ ഭ്രമിച്ചു, വികാരപ്പെട്ടു. അയാളുടെ പേരാണ് ഇളയരാജ. രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്ന് സിനിമാലോകം കീഴടക്കിയ ഒരാളുടെ കഥയാണ് ഇതെങ്കില്‍ നേരെ തിരിച്ചായിരുന്നു തമിഴ് രാഷ്ട്രീയത്തിലെ നെടുനായകത്വങ്ങളെല്ലാം. സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് കുടിയേറി അവര്‍ ജനഹൃദയം കീഴടക്കിയവര്‍.

70-80 വര്‍ഷത്തെ തമിഴ് ജീവിതാനുഭവ ചരിത്രത്തില്‍ കലയും സംഗീതവും നടിപ്പും ഉടലോടുടല്‍ പൂണ്ട് കിടപ്പുണ്ട്. ഭാഷാവീര്യം പൂണ്ട, സിനിമയും കഥാപാത്രങ്ങളും ഡയലോഗുകളും.. സങ്കടവും സന്തോഷവും പ്രകടനപരതയാല്‍ വേവുന്ന തമിഴ് മക്കളുടെ മണ്ണ്. അവിടെ മാര്‍ക്സിസവും അംബേദ്കറേയും മുറുകെപിടിച്ച് 50 കളില്‍ ഒരാളുണ്ടായി. തന്തൈ പെരിയാര്‍. 'സുയ മര്യാദൈ ഇയക്കം-സൃഷ്ടിച്ച് സ്വാഭിമാനപ്രസ്ഥാനം വളര്‍ത്തിയ നവോത്ഥാന നായകന്‍. കുടിയരസ് പത്രത്തില്‍ നിരന്തരം ജാതീയതക്കെതിരെ എഴുതി ജാതിത്തീട്ടൂരത്തെ വെല്ലുവിളിച്ചയാള്‍. ജാതി മനുഷ്യനെ നീചനാക്കുന്നു, മതം മനുഷ്യനെ വിഡ്ഢിയും - പെരിയാര്‍ പറഞ്ഞു. ജാതിക്കോട്ടകള്‍ അസ്വസ്ഥപ്പെട്ടു. പി. ജീവാനന്ദവും പെരിയാറും മാര്‍ക്‌സിസ്റ്റ് ആശയത്തെ തമിഴകത്തിന് പരിചയപ്പെടുത്തി. അതില്‍ നിന്ന് തുടങ്ങി ദ്രവീഡിയന്‍ പ്രസ്ഥാനങ്ങളുടെയെല്ലാം ആശയത്തുടക്കം. ബാക്കിയെല്ലാ രാഷ്ട്രീയധാരയും ഇതില്‍ നിന്നുണ്ടായി. പ്രസ്ഥാനങ്ങള്‍ പലതും ദ്രാവിഡാശയത്തില്‍ നിന്ന് വേരറ്റു. എങ്കിലും ചെറിയ അല ഇപ്പോഴും തമിഴിലുണ്ട്. കാലങ്ങള്‍ക്കിപ്പുറം പല പാര്‍ട്ടിയും പ്രസ്ഥാനവും ഭിന്നചേരികളുമായി വേറിട്ടും കലഹിച്ചും ആശയത്തില്‍ നിന്ന് വേരറ്റും പരസ്പരം പോരാടുന്നു തമിഴ് രാഷ്ട്രീയം.


അണ്ണാദുരെയില്‍ നിന്ന് ദ്രാവിഡ മുന്നേറ്റ കഴകം വന്നു. നിരീശ്വരവാദവും വിശ്വാസവും കുഴഞ്ഞുമറിഞ്ഞു. എംജിആറും കരുണാനിധിയും ജയലളിതയും ശിവാജിയുമെല്ലാം സിനിമാ രാഷ്ട്രീയക്കാരാണ്. ഹിന്ദു വിരുദ്ധതയോടും ദൈവ നിഷേധത്തോടും എം.ജി.ആര്‍ താല്പര്യം കാണിച്ചില്ല. ഗാന്ധിസം, കമ്യൂണിസം, ക്യാപിറ്റലിസം - ഈ മൂന്ന് ഇസങ്ങളുടേയും നല്ലവശം ചേര്‍ന്നാല്‍ അണ്ണായിസമായി എന്ന് എംജിആര്‍ തിരുത്തി. 'ഒന്റ കുലം ഒരുവനേ തൈവം' എന്ന വാക്കുയുര്‍ന്നു. എന്‍.എസ്. കൃഷ്ണനും എം.ആര്‍. രാധയും വിജയകാന്തും കാര്‍ത്തികും ശരത്കുമാറും കമല്‍ഹാസനും ഭാഗ്യരാജും സീമാനും ടീ രാജേന്ദ്രനുമടക്കം എത്രയോ നടീനടന്മാര്‍. ഇളയരാജയുടെ രാഷ്ട്രീയ അനുഭാവം മാറി. രജനീകാന്തിന് പലവട്ടം രാഷ്ട്രീയ താത്പര്യമുണ്ടായി. പക്ഷേ പിന്‍വാങ്ങി. എങ്കിലും എത്രയോ ആവേശപ്രകടനങ്ങള്‍, വിവാദങ്ങള്‍.. വൈകാരിക സന്ദര്‍ഭങ്ങള്‍.. ഇതെല്ലാം തമിഴ് രാഷ്ട്രീയത്തിന്റെ കൂടപ്പിറപ്പാണ്. എംജിആറിന്റെ വിലാപയാത്രയില്‍ ജയലളിതയ്ക്കുണ്ടായ അനുഭവം പോലെ എല്ലാം സിനിമാറ്റിക്കാണ്. ഇപ്പോഴിതാ വിജയും ഉദയനിധിയും നേര്‍ക്കുനേര്‍...

നടന്‍ വിജയ്‌യുടെ കുരുവി നിര്‍മിച്ചയാളാണ് ഡിഎംകെ പുതിയ ഉപമുഖ്യമന്ത്രി. അതേ ഉദയനിധി തമിഴ്‌വെട്രി കഴകത്തിനെതിരായ ഡിഎംകെയുടെ കുന്തമുനയാണിനി. ഒരു കല്‍ ഒരു കണ്ണാടിയില്‍ നിന്ന് മാമന്നനിലേക്കിയപ്പോള്‍ ഉദയനിധിയുടെ കഥാപാത്ര രാഷ്ട്രീയം മാറി. ജനപ്രതിനിധിയായപ്പോള്‍ റോബോട്ടിക് സ്‌കാവെന്‍ജിംഗ് മെഷീനുകള്‍ കൊണ്ടുവന്നു. അഴുക്കുചാല് വൃത്തിയാക്കല്‍ ദളിതന്റെ പണിയല്ല എന്ന് പറയാതെ പറഞ്ഞു. സനാതന ധര്‍മവിവാദം ഉദയനിധിയുടെ നിലപാടിലെ ദ്രാവിഡ സിദ്ധാന്തത്തെ വിളക്കി. തമിഴ്‌നാട് മുര്‍പ്പോക്ക് എഴുത്താളര്‍ സംഘം യോഗത്തിലെ സനാതന ധര്‍മ്മ വിരുദ്ധ പ്രസംഗം ഗവര്‍ണര്‍ ആര്‍.എന്‍ രവിക്കുള്ള മറുപടിയായി. ബിഹാറില്‍ നിന്നടക്കം കേസുകള്‍ വന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യരുതെന്ന് സുപ്രിംകോടതി താക്കീത് ചെയ്തു. ഉദയനിധിയുടെ തലവെട്ടാന്‍ ഉത്തരേന്ത്യന്‍ തീവ്ര ഹിന്ദുനേതാക്കള്‍ ആഹ്വാനം ചെയ്തു. ഇതെല്ലാം പക്ഷേ ദ്രാവിഡ രാഷ്ട്രീയത്തിലുള്ള ഉദയനിധിയുടെ വരവറിയിക്കലായി. കരുണാനിധി സര്‍ക്കാരില്‍ സ്റ്റാലിന്‍ വഹിച്ച സ്ഥാനം ഇപ്പോള്‍ ഉദയനിധിയിലാണ്. പ്രശ്‌നം പക്ഷേ മക്കള്‍ രാഷ്ട്രീയമാണ്. അതിനാല്‍ ഗോഡ്ഫാദറില്ലാത്ത വരവാണ് തന്റേതെന്ന് വിജയ്‌യക്ക് അവകാശപ്പെടാം.

അഴിമതിക്കെതിരാണ് വിജയ്. പക്ഷേ തമിഴക വെട്രി കഴകമെന്ന പേരിലൊന്നും ദ്രാവിഡതയില്ല. ദ്രാവിഡപ്പേച്ചും വിഭജന രാഷ്ട്രീയമെന്നാണ് വിജയ് വാദം. പെരിയാര്‍, കാമരാജ്, അംബേദ്കര്‍, എ.പി.ജെ അബ്ദുള്‍കലാം എന്നിവരാണ് രാഷ്ട്രീയ ഐക്കണെന്നും അംബേദ്കറെ വായിക്കുകയാണെന്നും താരം പറയുന്നു. വിജയ് മക്കള്‍ ഇയക്കം ഫാന്‍സില്‍ നിന്ന് തമിഴക വെട്രി കഴകമായി ജോസഫ് വിജയ് ചന്ദ്രശേഖര്‍ വരുന്നത് അടുത്ത തെരഞ്ഞെടുപ്പിലേക്കാണ്. 2019 ല്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച, കോണ്‍ഗ്രസിലേക്കെന്ന് ഊഹാപോഹം. 2010 ല്‍ ഒരു സിനിമാ റിലീസിന്റെ പേരില്‍ ഡിഎംകെയുമായി തെറ്റി, അടുത്ത തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെക്ക് പിന്തുണ. സഖ്യത്തെ പിന്തുണച്ച വിജയ് മക്കള്‍ ഇയക്കത്തിന് മൂന്ന് സീറ്റ്. ലങ്കന്‍ സേനയുടെ തമിഴ് മത്സ്യത്തൊഴിലാളി ആക്രമണത്തെ അപലപിച്ച് നാഗപട്ടണം പ്രസംഗം. ഹസാരെയെ കാണാന്‍ രാംലീലാ മൈതാനത്ത്. രാഷ്ട്രീയത്തിലേക്ക് എന്ന പിതാവ് ചന്ദ്രശേഖറിന്റെ സ്ഥിരീകരണം, ഒടുവിലിപ്പോള്‍ തമിഴക വെട്രി കഴകം. കഴിഞ്ഞ 5 വര്‍ഷത്തെ രാഷ്ട്രീയ വിജയ് നീക്കങ്ങളെ ഇങ്ങനെ ചുരുക്കാം.

ബിഎസ്പി നേതാവ് ആസ്‌ട്രോങ് വധവും സെന്തില്‍ ബാലാജിക്ക് ജാമ്യം കിട്ടാത്തതും ഉദയനിധിയുടെ ഉപമുഖ്യമന്ത്രി സ്ഥാനാരോഹണം വൈകിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ അഞ്ചോളം പ്രധാന കക്ഷികള്‍ ഏറ്റുമുട്ടും. സെന്തില്‍ ബാലാജി തിരിച്ചെത്തി മന്ത്രിസഭയിലേക്ക്. ദളിത് മുഖം ഡോ. ഗോവി ചെഴിയാന്‍ മന്ത്രിയായി. ഒബിസി ലേബലുള്ള ഡിഎംകെക്ക് നാലാം ദളിത് മന്ത്രി. തോള്‍ തിരുമാവളവനും സൂ വെങ്കിടേശനുമടക്കം ഇടതുപക്ഷക്കാര്‍ സ്റ്റാലിനൊപ്പമുണ്ട്. അണ്ണാമലെയെ വെച്ചുള്ള മുന്നേറ്റത്തിന് മോദി പാര്‍ട്ടിയും ശ്രമം തുടരുന്നു. തമിഴ് ജനത വിജയ്‌ക്കോ ഉദയനിധിക്കൊപ്പമോ എന്നത് മാത്രമാണിനി തമിഴക രാഷ്ട്രീയ സെല്ലുലോയ്ഡിലെ മാസ് സസ്‌പെന്‍സ്...

SCROLL FOR NEXT