NEWSROOM

വിക്രവാണ്ടിയില്‍ ആവേശക്കടല്‍; തമിഴ് രാഷ്ട്രീയത്തിലേക്ക് വിജയ്‌യുടെ 'മാസ് എന്‍ട്രി'

വേദിയിൽ പെരിയാർ, കാമരാജ്, ഡോ. അംബേദ്‌കർ, വേലു നാച്ചിയാർ, അഞ്ചലൈ അമ്മാൾ എന്നിവരുടെ കൂറ്റൻ കട്ടൗട്ടുകൾ വേദിയിലുണ്ട്

Author : ന്യൂസ് ഡെസ്ക്

നടന്‍ വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ രാഷ്ട്രീയ സമ്മേളനം ആരംഭിച്ചു. തമിഴ്നാട്ടിലെ വിക്രവാണ്ടിയില്‍ രണ്ടര ലക്ഷത്തോളം വരുന്ന ജനസാഗരമാണ് അണിനിരന്നത്. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രവും നയങ്ങളും അറിയാന്‍ കാതോര്‍ത്തിരിക്കുകയാണ് തമിഴ്‌നാടും ദക്ഷിണേന്ത്യയും.


സ്വന്തം സിനിമകളിലെ മാസ് എന്‍ട്രിയെ കവച്ചുവെക്കുന്ന രീതിയിലാണ് സമ്മേളന വേദിയിലേക്ക് വിജയ് എത്തിയത്. വേദിയിലേക്ക് 600 മീറ്റര്‍ പ്രത്യേക റാമ്പ് പണിതിരുന്നു. ഇതിലൂടെ ഓടിയും നടന്നും അണികളെ അഭിവാദ്യം ചെയ്തും വിജയ് എന്ന രാഷ്ട്രീയ നേതാവ് വേദിയിലേക്ക് കടന്നുവന്നു. തുടര്‍ന്ന്, 100 അടി ഉയരമുള്ള കൊടിമരത്തില്‍ ചുവപ്പും മഞ്ഞയും കലര്‍ന്ന പാര്‍ട്ടി പതാക വിജയ് ഉയര്‍ത്തി. ഇതിനു ശേഷം പാര്‍ട്ടിയുടെ ഔദ്യോഗിക ഗാനവും അവതരിപ്പിച്ചു.

വേദിയിൽ പെരിയാർ, കാമരാജ്, ഡോ. അംബേദ്‌കർ, വേലു നാച്ചിയാർ, അഞ്ചലൈ അമ്മാൾ എന്നിവരുടെ കൂറ്റൻ കട്ടൗട്ടുകൾ ഉണ്ടായിരുന്നു. തമിഴൻ്റെ മോചനത്തിനായി പോരാടി മരിച്ചവരുടെ ത്യാഗത്തെ ടിവികെ ഉയർത്തിപ്പിടിക്കും. ഇന്ത്യ എന്ന സങ്കൽപത്തിനായി നിലകൊള്ളുമെന്നും ടിവികെ രാഷ്ട്രീയ നയരേഖയിൽ പരാമർശിച്ചിരിക്കുന്നു. സാഹോദര്യം സമത്വം മതേതരത്വം എന്നിലയിലൂന്നിയായിരുക്കും ടിവികെ പ്രവർത്തനം.


വൈകിട്ട് നാല് മണിയോടെയാണ് വിജയ് എത്തിയത്. വിജയ് എന്ന സിനിമാ താരത്തിന്റെ ആരാധകരും തമിഴക വെട്രി കഴകത്തിന്റെ പ്രവര്‍ത്തകരും അണികളുമാണ് സമ്മേളന നഗരിയില്‍ ഒഴുകിയെത്തിയത്. സമ്മേളനം വൈകിട്ടാണ് തീരുമാനിച്ചിരുന്നതെങ്കിലും നേരത്തേ മുതല്‍ കലാപരിപാടികളടക്കം ആരംഭിച്ചിരുന്നു.

വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയില്‍ 85 ഏക്കറില്‍ തയാറാക്കിയ പ്രത്യേക വേദിയിലാണ് സമ്മേളനം നടക്കുന്നത്. 19 പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. ഓഗസ്റ്റ് മാസത്തില്‍ പാര്‍ട്ടിയുടെ പതാകയും ഗാനവും അവതരിപ്പിച്ചു.

SCROLL FOR NEXT