NEWSROOM

വിക്രാന്ത് മാസി ഇനി ശ്രീ ശ്രീ രവിശങ്കര്‍? ത്രില്ലര്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്

അന്താരാഷ്ട്ര തലത്തിലുള്ള അണിയറ പ്രവര്‍ത്തകരായിരിക്കും ചിത്രത്തില്‍ ഉണ്ടായിരിക്കുക. കൂടാതെ ചിത്രം ഇംഗ്ലീഷ്, സ്പാനിഷ് അടക്കമുള്ള ഭാഷകളില്‍ റിലീസ് ചെയ്യുകയും ചെയ്യും

Author : ന്യൂസ് ഡെസ്ക്


സബര്‍മതി റിപ്പോര്‍ട്ട് എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ബോളിവുഡ് താരം വിക്രാന്ത് മാസി സിനിമയില്‍ നിന്നും ഒരു ഇടവേളയെടുക്കുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ താരം പുതിയൊരു ചിത്രത്തിന്റെ ഒരുക്കത്തിലാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വൈറ്റ് എന്ന് പേരുള്ള ത്രില്ലറാണ് വിക്രാന്ത് മാസി അടുത്തതായി അഭിനയിക്കാന്‍ പോകുന്ന ചിത്രം.

12ത്ത് പാസ് എന്ന ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച താരം പുതിയ ചിത്രത്തില്‍ ശ്രീ ശ്രീ രവിശങ്കറിന്റെ വേഷത്തിലാണ് അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 'ശ്രീ ശ്രീ രവിശങ്കറിനോട് സാമ്യം തോന്നിക്കാനായി വിക്രാന്ത് മുടി വളര്‍ത്തുകയും ശാരീരികമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നുണ്ട്. അതോടൊപ്പം ശ്രീ ശ്രീ രവിശങ്കറിന്റെ പ്രസംഗങ്ങളും മറ്റ് വീഡിയോകളും വിക്രാന്ത് കാണുന്നുണ്ട്', എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

അന്താരാഷ്ട്ര തലത്തിലുള്ള അണിയറ പ്രവര്‍ത്തകരായിരിക്കും ചിത്രത്തില്‍ ഉണ്ടായിരിക്കുക. കൂടാതെ ചിത്രം ഇംഗ്ലീഷ്, സ്പാനിഷ് അടക്കമുള്ള ഭാഷകളില്‍ റിലീസ് ചെയ്യുകയും ചെയ്യും. യുഎസ്എയില്‍ നിന്നുള്ള അണിയറ പ്രവര്‍ത്തകരും ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് സൂചന.

നിലവില്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ കൊളോമ്പ്യയില്‍ നടക്കുകയാണ്. ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കും. 2026ലായിരിക്കും ചിത്രം റിലീസ് ചെയ്യുക. സിദ്ധാര്‍ഥ് ആനന്ദ് ആണ് ചിത്രത്തിന്റെ നര്‍മാതാവ്. വാര്‍, ഫൈറ്റര്‍, പത്താന്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് സിദ്ധാര്‍ഥ്.

SCROLL FOR NEXT