NEWSROOM

വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വീണ്ടും ഇരുട്ടടി, നഷ്ടപരിഹാര പട്ടികയില്‍ അപാകത; അര്‍ഹരായവരുടെ പേരുകളില്ല

വീട് നിര്‍മാണത്തിനായുള്ള സ്ഥലം കണ്ടെത്താന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സ്ഥലം കണ്ടെത്താത്തതിനാല്‍ വിലങ്ങാട് പുനരിധിവാസം നീളുകയാണ്.

Author : ന്യൂസ് ഡെസ്ക്


കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വീണ്ടും ഇരുട്ടടി. നഷ്ടപരിഹാരത്തിലെ റവന്യൂ അധികൃതരുടെ പട്ടികയില്‍ അപാകതയെന്ന് പരാതി. നിലവില്‍ സ്വന്തമായി വീടുള്ളവരുടെ പേരും പട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ അര്‍ഹരായവര്‍ ലിസ്റ്റില്‍ ഇല്ലെന്നാണ് പ്രധാനമായും ഉയരുന്ന പരാതി.

ഇക്കഴിഞ്ഞ ജൂലൈ 30നാണ് കോഴിക്കോട് വിലങ്ങാട് നാടിനെ നടുക്കിയ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. വയനാടിനെ പോലെ തന്നെ വിലങ്ങാടിനെയുംപരിഗണിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനത്തിനു മുമ്പില്‍ വിശ്വസിച്ചവര്‍ക്ക് സമരമുഖത്തേക്ക് ഇറങ്ങേണ്ടി വന്നു. സര്‍ക്കാര്‍ നഷ്ടപരിഹാരത്തിനു പരിഗണിക്കുന്നവരുടെ പട്ടികയില്‍ പോരായ്മകള്‍ ഉണ്ടെന്ന പരാതികളാണ് ഇപ്പോള്‍ ഉയരുന്നത്.

3 ലിസ്റ്റുകളാണ് റവന്യു അധികൃതര്‍ തയാറാക്കിയിട്ടുള്ളത്. ഇവയില്‍ വീടു മാത്രം നഷ്ടപ്പെട്ട 25 പേരും, പൂര്‍ണമായി വീടും സ്ഥലവും നഷ്ടമായ 11 പേരുമാണുള്ളത്. വഴി നഷ്ടപ്പെട്ടവരെ മൂന്നാമത്തെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീട് നിര്‍മാണത്തിനുള്ള സ്ഥലം വാങ്ങാനും വീടു പണിയാനുമായി 15 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്.

എന്നാല്‍, മുന്‍പ് തയാറാക്കിയ പട്ടിക പ്രകാരമുള്ളതല്ല ഇപ്പോള്‍ പരിഗണിക്കുന്നതെന്നാണ് ദുരിതബാധിതര്‍ പറയുന്നത്. അര്‍ഹരായ പലരെയും ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയെന്നും പരാതിയില്‍ പറയുന്നു. നിലവില്‍ സ്വന്തമായി വീടുള്ള ചിലരുടെ പേരും വീട് നഷ്ടമായവരുടെ പട്ടികയില്‍ ഉള്‍പെട്ടതായും മുന്‍പ് താമസം മാറിയ ചിലര്‍ അടക്കം റവന്യു അധികൃതരുടെ പട്ടികയില്‍ കടന്നു കൂടിയെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

വീട് നിര്‍മാണത്തിനായുള്ള സ്ഥലം കണ്ടെത്താന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്‍ഐടി സംഘം ഒരു തവണ വിലങ്ങാട്ടെത്തി പരിശോധന നടത്തിയെങ്കിലും ഉരുള്‍പൊട്ടല്‍ ഭീഷണി നിലവിലില്ലാത്ത സ്ഥലം ഏതെന്ന് കണ്ടെത്താന്‍ സാധിച്ചില്ല. സ്ഥലം കണ്ടെത്താത്തതിനാല്‍ വിലങ്ങാട് പുനരിധിവാസം നീളുകയാണ്.

SCROLL FOR NEXT