കോഴിക്കോട് വിലങ്ങാടുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ റിട്ട. അധ്യാപകൻ മാത്യു എന്ന കുലത്തിങ്കൽ മത്തായിയുടെ മൃതദേഹം കണ്ടെത്തി. അപകട സ്ഥലത്ത് നിന്ന് 200 മീറ്റർ അകലെ പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
വടകരയിലെ മലയങ്ങാട് ഭാഗത്ത് ചൊവ്വാഴ്ച ഉണ്ടായ ഉരുള്‍പൊട്ടലിലാണ് 60കാരനായ മാത്യുവിനെ കാണാതായത്. രക്ഷാപ്രവർത്തനത്തിന് എത്തിയ റിട്ടയേർഡ് അധ്യാപകനായ മാത്യു ഉരുൾപൊട്ടലിൽ അകപ്പെടുകയായിരുന്നു. ഉരുള്‍പൊട്ടലില്‍ മലയങ്ങാട് പാലം ഒലിച്ചുപോയി. പുഴയുടെ തീരത്തുള്ള നാലു വീടുകള്‍ ഭാഗികമായി തകര്‍ന്നു. പാലം തകര്‍ന്നതിനെ തുടര്‍ന്ന് 15 കുടുംബങ്ങള്‍ ഒറ്റപ്പെട്ടിരുന്നു.
എട്ട് തവണയാണ് പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടായത്. കഴിഞ്ഞ ദിവസം കോഴിക്കോട് വിലങ്ങാട് മഞ്ഞചീളിയിൽ ഉരുൾപൊട്ടലുണ്ടായി. നേരത്തെ ഉരുൾപൊട്ടിയ അതേ സ്ഥലത്താണ് വീണ്ടും ഉരുൾപൊട്ടലുണ്ടായത്. പ്രദേശത്തെ കുടുംബങ്ങളെ നേരത്തെ ക്യാമ്പിലേക്ക് മാറ്റിപാർപ്പിച്ചിരുന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. 185 കുടുംബങ്ങളിലായി 900ത്തോളം പേരെയാണ് വിലങ്ങാട് പ്രദേശത്ത് നിന്നും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്.