NEWSROOM

ബൈക്കിൻ്റെ പെട്രോൾ ടാങ്കിൽ വെള്ളം നിറച്ച് കുട്ടിക്കുറുമ്പൻ; അച്ഛനെ സഹായിച്ച കുഞ്ഞുമകൻ്റെ വീഡിയോ വൈറൽ

പച്ചവെള്ളത്തിൽ പ്രവർത്തിക്കുന്ന ബൈക്ക് അപ്പന് സർപ്രൈസായിട്ട് നിർമിച്ചു നൽകുന്ന മോന്റെ വിഡിയോയും വരും ഒരു നാൾ, 'പിന്നെ അല്ലാതെ കൊച്ചിന് പറ്റുന്നതേ ചെയ്യാൻ പറ്റൂ എന്നിങ്ങനെ പോകുന്നു കമൻ്റുകൾ.

Author : ന്യൂസ് ഡെസ്ക്

കുഞ്ഞുമക്കളുടെ കുസൃതികളൊക്കെ എല്ലാവരും ആസ്വദിക്കാറാണ് പതിവ്. അങ്ങനെ ആസ്വദിക്കുമ്പോഴും ചില വികൃതികളൊക്കെ മുതിർന്നവർക്ക് എട്ടിൻ്റെ പണിയാകാറാണ് പതിവ്. കുട്ടികളായതിനാൽ ഒന്നും പറയാനും സാധിക്കില്ല. കിട്ടിയ പണി ചിരിയോടെ ഏറ്റുവാങ്ങേണ്ടതായും വരും. അത്തരത്തിൽ ഒരു കൊച്ചുമിടുക്കൻ അച്ചന് ചെയ്ത ചെറിയോരു സഹായമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയിരിക്കുന്നത്.


ഒരു സഹായം ചെയ്തതാണോ ഇത്ര പ്രശ്നം എന്ന് ചോദിക്കാൻ വരട്ടെ. ബൈക്കിൻ്റെ പെട്രോൾ ടാങ്കിൽ പച്ചവെള്ളം ഒഴിച്ച് നിറച്ചാണ് കുഞ്ഞു മകൻ അച്ചനെ സഹായിച്ചത്. അതു മാത്രമല്ല, ആരെയും ആകർഷിക്കുന്ന നിഷ്കളങ്കതയോടെ അവൻ അത് വിവരിച്ചു പറയുകയും ചെയ്യുന്നുണ്ട്.കുഞ്ഞുമനസിൻ്റെ നിഷ്കളങ്കതയും, അച്ഛനെ സഹായിക്കാനുള്ള മനസുമെല്ലാം കാണുമ്പോഴും, പവം അച്ഛന് കിട്ടിയത് എട്ടിൻ്റെ പണിതന്നെയാണെന്നതും മനസിലാക്കണം.


നീ എന്താ ബൈക്കിൽ ചെയ്തത് എന്ന് ചോദിക്കുന്ന അച്ഛനോട് നിഷ്കളങ്കമായി 'വെള്ളമൊഴിച്ചു'എന്ന മറുപടിയാണ് കുഞ്ഞ് നൽകുന്നത്. അനീഷ് പോത്തൻ എന്നയാളാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഈ വിഡിയോ പങ്കുവെച്ചത്.കുരുത്തം കെട്ടവൻ അപ്പന്റെ ബൈക്കിന്റെ പെട്രോൾ ടാങ്ക് തുറന്ന് ഫുൾ വെള്ളം ഒഴിച്ച് വെച്ചിട്ട് എന്ത് സിമ്പിൾ ആയിട്ട പറയുന്നത്' - എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

വിഡിയോ ക്യൂട്ടും കോമഡിയും ആണെന്നതുപോലെ തന്നെ അതിന് വന്നിരിക്കുന്ന കമൻ്റുകളും രസകരമാണ്. പാവം പെട്രോളിന്റെ വില കേട്ടപ്പോ അപ്പക്കൊരു ഹെൽപ് ആയിക്കോട്ടെ വിചാരിച്ചു. അത് തെറ്റാണോ അപ്പേ',പച്ചവെള്ളത്തിൽ പ്രവർത്തിക്കുന്ന ബൈക്ക് അപ്പന് സർപ്രൈസായിട്ട് നിർമിച്ചു നൽകുന്ന മോന്റെ വിഡിയോയും വരും ഒരു നാൾ, 'പിന്നെ അല്ലാതെ കൊച്ചിന് പറ്റുന്നതേ ചെയ്യാൻ പറ്റൂ എന്നിങ്ങനെ പോകുന്നു കമൻ്റുകൾ.

സംഗതി ബൈക്കിനും അപ്പനും പണികിട്ടിയെങ്കിലും കൊച്ചു മിടുക്കൻ സ്റ്റാറായി. നിരവധിപ്പേരാണ് വീഡോയിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്.

SCROLL FOR NEXT