NEWSROOM

വിരമിക്കാൻ തയ്യാറെടുത്ത് രോഹിത് ശർമ; കോ‌ഹ്‌ലിക്കും എക്സിറ്റ് പ്ലാൻ ഒരുക്കണമെന്ന് മുൻ താരം

ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കും വിരാട് കോഹ്‌ലിക്കും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ അവസരമൊരുക്കുന്നതിനെ ചൊല്ലി ബിസിസിഐയിൽ കൊണ്ടുപിടിച്ച ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

Author : ന്യൂസ് ഡെസ്ക്


ന്യൂസിലൻഡിനും ഓസ്ട്രേലിയക്കുമെതിരായ ടെസ്റ്റ് പരമ്പരകളിൽ നേരിട്ട വൻ തിരിച്ചടികൾ ഇന്ത്യൻ ക്രിക്കറ്റ് ടീം പതറുന്ന നിമിഷങ്ങളാണിത്. സിഡ്നിയിൽ അഞ്ചാം ടെസ്റ്റ് മാത്രം ശേഷിക്കെ ആതിഥേയരായ കംഗാരുക്കൾ 2-1ന് മുന്നിലാണ്. 

ന്യൂസിലൻഡിനോട് നാട്ടിൽ 3-0ന് തോറ്റതിൻ്റെ ക്ഷീണം മാറുന്നതിന് മുൻപേ തന്നെ ഓസീസിലും നേരിട്ട തിരിച്ചടിയിൽ ബിസിസിഐയും സെലക്ടർമാരും ഒരുപോലെ ആശങ്കാകുലരാണെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കും വിരാട് കോഹ്‌ലിക്കും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ അവസരമൊരുക്കുന്നതിനെ ചൊല്ലി ബിസിസിഐയിൽ കൊണ്ടുപിടിച്ച ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഓസ്ട്രേലിയയിൽ പുരോഗമിക്കുന്ന ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയ്ക്ക് പിന്നാലെ രോഹിത്തും നായക പദവി ഒഴിയുമെന്നും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുമെന്നും ടൈംസ് ഓഫ് ഇന്ത്യയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ബിസിസിഐയിലെ ഉന്നതവൃത്തങ്ങളെ രോഹിത് വിരമിക്കൽ തീരുമാനം മുൻകൂട്ടി അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സിഡ്നി ടെസ്റ്റിന് പിന്നാലെയോ നാട്ടിൽ എത്തിയ ശേഷമോ രോഹിത് കരിയറിലെ നിർണായക തീരുമാനം പ്രഖ്യാപിക്കാൻ തയ്യാറെടുത്തെന്നാണ് വാർത്തകൾ.

അതേസമയം, ഇന്ത്യൻ ക്രിക്കറ്റിലെ ലെജൻഡും നിലവിലെ ടെസ്റ്റ് ബാറ്റർമാരിൽ ഏറ്റവും മികവുറ്റ താരവുമെന്ന ഖ്യാതി സ്വന്തമായുള്ള വിരാട് കോഹ്‌ലിയെ ടീമിൽ നിന്ന് വിരമിപ്പിക്കാനുള്ള പദ്ധതികൾ ബിസിസിഐയുടെ തലപ്പത്തുള്ളവർ ആലോചിച്ച് തുടങ്ങണമെന്ന് മുൻ ഇന്ത്യൻ താരം ആവശ്യപ്പെട്ടു.

ചെറിയ സ്കോറുകളിൽ കുടുങ്ങിക്കിടക്കുന്ന താരത്തിന് തൻ്റെ ബാറ്റിങ്ങിലെ ന്യൂനതകൾ പരിഹരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ടീമിൽ അധികകാലം നിലനിർത്തരുതെന്നാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അതുൽ വാസൻ ബിസിസിഐയോട് അഭ്യർഥിച്ചിരിക്കുന്നത്. 36കാരനായ കോഹ്‌ലി കരിയറിലെ ഏറ്റവും മോശം പ്രകടനമാണ് 2024ൽ നടത്തിയത്.

SCROLL FOR NEXT