NEWSROOM

ഇതാണ് രാജാവിൻ്റെ സ്റ്റാർഡം; കോഹ്‌ലിക്കൊപ്പം സെൽഫിയെടുക്കാൻ മത്സരിച്ച് ഓസീസ് പാർലമെൻ്റംഗങ്ങൾ!

വിരാട് കോഹ്‌ലിയോട് ഓസ്ട്രേലിയക്കാർക്കുള്ള സ്നേഹവായ്പിൻ്റെ ഉദാഹരണമായാണ് ഈ ദിനത്തെ അടയാളപ്പെടുത്താൻ കഴിയുക

Author : ന്യൂസ് ഡെസ്ക്


ശനിയാഴ്ചയാണ് ഇന്ത്യ ഇലവനും ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവനും തമ്മിലുള്ള രണ്ട് ദിവസത്തെ പരിശീലന മത്സരം ആരംഭിക്കുന്നത്. ഇത്തരത്തിലൊരു പരിശീലന മത്സരം ആദ്യമായാണ് ഓസ്ട്രലിയൻ പര്യടനത്തിൽ ഇന്ത്യൻ ടീം കളിക്കുന്നത്.

എന്നാൽ, ഓസ്ട്രേലിയൻ പാർലമെൻ്റിൽ വിരാട് കോഹ്‌ലി ഉൾപ്പെടെയുള്ള ഇന്ത്യൻ ടീമിന് നൽകിയ സ്വീകരണമാണ് ശ്രദ്ധേയമാകുന്നത്. വിരാട് കോഹ്‌ലിയോട് ഓസ്ട്രേലിയക്കാർക്കുള്ള സ്നേഹവായ്പിൻ്റെ ഉദാഹരണമായാണ് ഈ ദിനത്തെ അടയാളപ്പെടുത്താൻ കഴിയുക.

കോഹ്‌ലിക്കൊപ്പം സെൽഫിയെടുക്കാൻ ഓസീസ് ജനപ്രതിനിധികൾ മത്സരിക്കുന്ന കാഴ്ചയാണ് കാണാനായത്. ഓരോരുത്തരേയും പരിചയപ്പെടാനും അവർക്കൊപ്പം സെൽഫിക്കായി പോസ് ചെയ്യാനും കോഹ്ലി സമയം കണ്ടെത്തി. ലോക ക്രിക്കറ്റിൻ്റെ അംബാസിഡറാണ് വിരാട് കോഹ്‌ലി. ക്രിക്കറ്റിലെ GOAT (Greatest Of All Time) എന്നാണ് അദ്ദേഹത്തെ പലരും വിലയിരുത്താറുമുള്ളത്.

നാലു വർഷത്തിലേറെ കാലമായി ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്‌ലി തൻ്റെ പ്രതാപകാലത്തെ ഫോമിൻ്റെ നിഴൽ മാത്രമായിരുന്നു. എന്നാൽ ലോകത്ത് ഏറ്റവുമധികം ബൗൺസ് കിട്ടുമെന്ന് വിലയിരുത്തപ്പെടുന്ന പെർത്തിലെ പുല്ലുള്ള പിച്ചിൽ അദ്ദേഹം സെഞ്ചുറി നേടിയിരുന്നു. പെർത്തിൽ ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം നേടിയ തകർപ്പൻ ജയം ടെസ്റ്റ് ക്രിക്കറ്റിൽ സമീപകാലത്തെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ്.

ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിൽ ഇനിയുള്ള നാല് ടെസ്റ്റ് മത്സരങ്ങളുടെ വീറും വീശിയും കൂട്ടുന്ന പ്രധാന ഘടകമായി വിരാടിൻ്റെ ഫോമിലേക്കുള്ള മടങ്ങിവരവ് മാറും.

SCROLL FOR NEXT