NEWSROOM

ഐപിഎൽ ചരിത്രത്തിലാദ്യം; റൺവേട്ടയിൽ പുതുചരിത്രമെഴുതി കിങ് കോഹ്‌ലി

എട്ടാം തവണയാണ് ഒരു സീസണിൽ കോഹ്‌ലി 500ന് മുകളിൽ റണ്ണടിച്ചുകൂട്ടുന്നത്.

Author : ന്യൂസ് ഡെസ്ക്


ഐപിഎല്ലിൽ റൺവേട്ടയിൽ തകർപ്പൻ റെക്കോർഡിട്ട് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻ്റെ ഇതിഹാസ താരം വിരാട് കോഹ്‌ലി. ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ചരിത്രത്തിൽ ഏറ്റവുമധികം സീസണുകളിൽ അഞ്ഞൂറിന് മുകളിൽ റൺസ് സ്കോർ ചെയ്ത താരമായി വിരാട് കഴിഞ്ഞ ദിവസം മാറി. എട്ടാം തവണയാണ് ഒരു സീസണിൽ കോഹ്‌ലി 500ന് മുകളിൽ റണ്ണടിച്ചുകൂട്ടുന്നത്.



ഈ സീസണിൽ 11 മത്സരങ്ങളിൽ നിന്ന് 63.13 റൺസ് ശരാശരിയോടെ 505 റൺസാണ് കോഹ്‌ലി നേടിയത്. ഏഴ് അർധ സെഞ്ച്വറികളാണ് ബെംഗളൂരു സൂപ്പർ താരത്തിൻ്റെ സമ്പാദ്യം. ഈ സീസണിൽ ഇതുവരെ 18 സിക്സറുകളും 44 ബൗണ്ടറികളും കോഹ്‌ലി നേടി. 73 റൺസാണ് ഈ സീസണിലെ കോഹ്‌ലിയുടെ ഉയർന്ന സ്കോർ. നിലവിൽ കോഹ്‌ലി തന്നെയാണ് ഈ സീസണിൽ ഓറഞ്ച് ക്യാപ് ഹോൾഡർമാരിൽ മുന്നിൽ.



ഐപിഎല്ലിൽ 500+ സ്കോറുകൾ കൂടുതൽ നേടിയവരുടെ പട്ടികയിൽ രണ്ടാമത് ഇതിനോടകം വിരമിച്ച ഡേവിഡ് വാർണറാണ്. ഏഴ് തവണയാണ് വാർണർ ഐപിഎല്ലിൽ 500+ സ്കോറുകൾ അടിച്ചെടുത്തത്. മൂന്നാം സ്ഥാനത്ത് നിലവിൽ ഡൽഹി ക്യാപിറ്റൽസിൻ്റെ വൈസ് ക്യാപ്ടനായ കെ.എൽ. രാഹുലാണ്. ആറ് 500+ സ്കോറുകൾ താരത്തിൻ്റെ പേരിലുണ്ട്. മുൻ പഞ്ചാബ് കിങ്സ് നായകൻ ശിഖർ ധവാനാണ് പട്ടികയിൽ നാലാം സ്ഥാനത്ത്. അഞ്ച് 500+ സ്കോറുകൾ ധവാൻ്റെ പേരിലുണ്ട്.

SCROLL FOR NEXT