NEWSROOM

ഐപിഎൽ ചർച്ചയ്ക്കിടെ വിഷയം മാറിപ്പോയി; അമിത് മിശ്രയെ കണക്കിന് കളിയാക്കി സെവാഗ്

മുൻ ഇന്ത്യൻ താരങ്ങളായ വീരേന്ദർ സെവാഗും അമിത് മിശ്രയും പങ്കെടുത്ത ചർച്ചയ്ക്കിടെ അവതാരകൻ സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ പ്ലേ ഓഫ് സാധ്യതകളെ കുറിച്ചാണ് ആരാഞ്ഞത്.

Author : ന്യൂസ് ഡെസ്ക്


കഴിഞ്ഞ ദിവസം ക്രിക്‌ബസിൻ്റെ യൂട്യൂബിലൂടെയുള്ള മത്സര ശേഷമുള്ള ഐപിഎൽ അവലോകനം നടക്കുകയാണ്. അതിനിടെ മുൻ ഇന്ത്യൻ താരത്തിന് പിണഞ്ഞ അമളിയാണ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നത്.

മുൻ ഇന്ത്യൻ താരങ്ങളായ വീരേന്ദർ സെവാഗും അമിത് മിശ്രയും പങ്കെടുത്ത ചർച്ചയ്ക്കിടെ അവതാരകൻ സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ പ്ലേ ഓഫ് സാധ്യതകളെ കുറിച്ചാണ് ആരാഞ്ഞത്. മറുപടി പറയേണ്ട അമിത് മിശ്രയാകട്ടെ അവതാരകൻ്റെ ചോദ്യം കൃത്യമായി ശ്രദ്ധിക്കാതെ വിശദമായി തന്നെ മറുപടി പറയാനാരംഭിച്ചു. ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സിൻ്റെ പ്ലേ ഓഫ് സാധ്യതകളെ കുറിച്ചാണ് മിശ്ര വാചാലനായത്.

"അവരെ സംബന്ധിച്ചിടത്തോളം ഇനിയൊരു പ്ലേ ഓഫ് ചാൻസ് അസാധ്യമാണ്. നിലവിൽ അവരുടെ കളി നോക്കുമ്പോൾ ആറ് മാച്ചുകളിൽ നിന്ന് വിജയിക്കുക ബുദ്ധിമുട്ടാകും. ഇനി അതിനായി എല്ലാ മേഖകളിലും അവർക്ക് കൂടുതൽ തിളങ്ങേണ്ടതായി വരും. ഇനി ധോണി ബാറ്റിങ് ഓർഡറിൽ മുന്നോട്ട് വരികയാണെങ്കിൽ അദ്ദേഹം ചുരുങ്ങിയത് 30 പന്തുകളെങ്കിലും നേരിടണം," അമിത് മിശ്ര വിശദീകരിച്ചു കൊണ്ടിരുന്നതിനിടെ അവതാരകൻ ഉടനെ ഇടപെടുകയും മിശ്രയെ തിരുത്തുകയും ചെയ്തു.

തനിക്ക് തെറ്റുപറ്റിയെന്ന് മനസിലാക്കിയ മുൻ ഇന്ത്യൻ സ്പിന്നർ ക്ഷമ ചോദിക്കുകയും, ഇതെല്ലാം സംഭവിക്കുന്നത് ധോണിയുടെ മാസ്മരിക പ്രഭാവം കൊണ്ടാണെന്നും ഒരു ചിരിയോടെ മറുപടി നൽകുകയും ചെയ്തു. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസിനോട് ഏഴ് വിക്കറ്റിന് തോറ്റ സൺറൈസേഴ്സ് ഹൈദരാബാദ് പോയിൻ്റ് പട്ടികയിൽ വീണ്ടും പിന്നാക്കം പോയിരുന്നു.

നാലു വീതം പോയിൻ്റാണെങ്കിലും ഹൈദരാബാദ് ഒൻപതാം സ്ഥാനത്തും ചെന്നൈ സൂപ്പർ കിങ്സ് പത്താമതുമാണ്. സീസണിൽ ഇരു ടീമുകൾക്കും ആറ് മാച്ചുകൾ വീതമാണ് ഇനി ശേഷിക്കുന്നത്. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസും നാലു പോയൻ്റുമായി എട്ടാം സ്ഥാനത്താണ്. നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആറ് പോയിൻ്റുമായി പോയിൻ്റ് പട്ടികയിൽ ഏഴാം സ്ഥാനത്തുമാണ്.

SCROLL FOR NEXT