മലപ്പുറം എളങ്കൂരില്‍ ഭർത്താവിൻ്റെയും കുടുംബത്തിൻ്റെയും മാനസിക പീഡനങ്ങളെ തുടർന്ന് പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് പ്രബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഞ്ചേരി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജയെ (25) ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
വിഷ്ണുജയ്ക്ക് സൗന്ദര്യം കുറവാണെന്നും സ്ത്രീധനം നല്‍കിയത് കുറവാണെന്നും ജോലി ഇല്ലെന്നും വിമർശിച്ച് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചെന്നാണ് കുടുംബത്തിന്റെ പരാതി. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഭര്‍ത്താവിനും കുടുംബത്തിനും എതിരെ നടപടി വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ആക്രമണങ്ങള്‍ക്ക് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കൂട്ട് നിന്നെന്നും വിഷ്ണുജയുടെ പിതാവ് നേരത്തെ ആരോപിക്കുന്നു. തുടർന്ന് മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.
"വിഷ്ണുജയ്ക്ക് സൗന്ദര്യം പോര, തടി ഇല്ല എന്നെല്ലാം വിമർശിച്ചിരുന്ന ഭർത്താവ് അവളെ ബൈക്കില്‍ കൂടി കയറ്റിയിരുന്നില്ല. കല്യാണം കഴിഞ്ഞ് രണ്ട് വര്‍ഷമായിട്ടും അവളെ എവിടെയും ടൂറിനും കൊണ്ടുപോയിട്ടില്ല," പിതാവ് പറഞ്ഞു. വിഷ്ണുജ ഭര്‍തൃവീട്ടില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്ന് ചെറുതായി സൂചന ലഭിച്ചപ്പോള്‍ തന്നെ, താന്‍ ഇടപെടണോ എന്ന് ചോദിച്ചതാണെന്നും എന്നാല്‍ മൂന്നാമതൊരാള്‍ ഇടപെടേണ്ടെന്ന് മകള്‍ തന്നെ അന്ന് പറയുകയായിരുന്നു എന്നും പിതാവ് പറഞ്ഞു.
മകള്‍ മരിച്ച ദിവസം അവള്‍ക്ക് സുഖമില്ലെന്ന് പറഞ്ഞാണ് തന്നെ വിളിച്ചുവരുത്തിയതെന്ന് പിതാവ് പറയുന്നു. എന്നാല്‍ അവിടെയെത്തിയപ്പോള്‍ അവള്‍ മരിച്ച് കിടക്കുന്നതാണ് കണ്ടത്. മകള്‍ ജനലില്‍ തൂങ്ങിനില്‍ക്കുന്നതാണ് കണ്ടതെന്നും പിതാവ് പറയുന്നു. 2023 മെയ് മാസത്തിലാണ് വിഷ്ണുജയും എളങ്കൂര്‍ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത്.