NEWSROOM

കൃഷ്ണവിഗ്രഹം ഇല്ലാതെ എന്ത് വിഷുക്കണി? കണ്ണൂരിലെ വിഷുക്കാലത്തെ ഒരു വഴിയോരകാഴ്ച

കണ്ണൂരിന്റെ കണിക്കാഴ്ചകളിലെ കണ്ണന് ജീവൻ നൽകുന്നത് ഇവരാണ്

Author : ന്യൂസ് ഡെസ്ക്

കണ്ണനെ കണികണ്ട് കണ്ണൂരുകാർ വിഷു ആഘോഷിക്കുമ്പോൾ അത് കൈനീട്ടമാകുന്ന രാജസ്ഥാൻ സ്വദേശികളെ പരിചയപ്പെടാം. വർഷങ്ങളായി കൃഷ്ണ വിഗ്രഹങ്ങൾ ഉണ്ടാക്കി വിൽക്കുന്നവരാണ് 20 ഓളം പേർ വരുന്ന ഈ സംഘം.

വർഷങ്ങളായി മേലെ ചൊവ്വക്കും താഴെ ചൊവ്വക്കുമിടയിലെ റോഡരികിൽ ഇവരുണ്ട്. കണ്ണൂരിന്റെ കണിക്കാഴ്ചകളിലെ കണ്ണന് ജീവൻ നൽകുന്നത് ഇവരാണ്. രാജസ്ഥാനിലെ ജോദ്പൂരിൽ നിന്ന് കണ്ണൂരിലേക്ക് കുടുംബമായി എത്തുന്ന ഇവർ പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമിക്കുന്ന കൃഷ്ണ വിഗ്രഹങ്ങൾക്ക് വിഷുക്കാലത്ത് ആവശ്യക്കാർ ഏറെയാണ്.

പല വലിപ്പത്തിലും നിറങ്ങളിലും ഭാവങ്ങളിലും ഈ റോഡരികിൽ ഉണ്ണിക്കണ്ണന്മാരെ കാണാം. രാധാ സമേതനായും പുല്ലാംകുഴൽ വായിച്ചും കണ്ണന് പല രൂപങ്ങൾ. കൊടും ചൂടും പൊടിപടലങ്ങളും സഹിച്ചാണ് ഇവർ വിഗ്രഹങ്ങൾ ഉണ്ടാക്കി വിൽക്കുന്നത്. താമസവും ഈ റോഡരികിൽ തന്നെ. കൃഷ്ണ വിഗ്രഹങ്ങൾ പല നിറത്തിൽ നിരന്നു നിൽക്കുന്നതിനോട് ചേർന്ന് തൊട്ടിലിൽ ഇവരുടെ കുഞ്ഞുങ്ങൾ സ്വപ്‌നങ്ങൾ കണ്ട് ഉറങ്ങുന്നുണ്ടാകും. മഴക്കാലം ആകുന്നതോടെ ഇവർ നാട്ടിലേക്ക് മടങ്ങും. വീണ്ടും അടുത്ത വിഷുക്കാലത്ത് തിരിച്ചെത്തും.

SCROLL FOR NEXT