NEWSROOM

ആനന്ദവനം ഭാരതിയുടെ സ്വീകരണത്തിന് ക്ഷേത്രപരിസരം വിട്ടുനൽകിയില്ല; വടക്കുംനാഥ ക്ഷേത്രഗ്രൗണ്ടിൽ പാർക്കിങ് തടഞ്ഞ് വിശ്വഹിന്ദു പരിഷത്ത്

വിശ്വ ഹിന്ദു പരിഷത് എന്ത് കാര്യങ്ങൾ ആവശ്യപ്പെട്ടാലും നടന്നാൽ അത് നിഷേധിക്കുന്ന സമീപനമാണ് ദേവസ്വം ബോർഡിൻ്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നതെന്നാണ് പ്രതിഷേധക്കാരുടെ പക്ഷം.

Author : ന്യൂസ് ഡെസ്ക്

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ പാർക്കിങിന് എത്തുന്ന വാഹനങ്ങൾ തടഞ്ഞ് വിശ്വഹിന്ദു പരിഷത്ത്. പാർക്കിങ് ഫീസ് പിരിക്കാൻ ചുമതലപ്പെടുത്തിയ ജീവനക്കാരനെ പ്രതിഷേധക്കാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. മഹാ മണ്ഡലേശ്വർ ആനന്ദവനം ഭാരതിക്ക് സ്വീകരണം നൽകാൻ ക്ഷേത്ര പരിസരം വിട്ടു നൽകാത്തതിനെ തുടർന്നാണ് പ്രതിഷേധം.

ഇന്ന് രാവിലെ 11 മണിയോട് കൂടിയാണ് പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധക്കാർ പാർക്ക് ചെയ്യാനെത്തിയ നിരവധി വാഹനങ്ങൾ തിരിച്ചയച്ചു. കഴിഞ്ഞ ദിവസമാണ് മഹാ മണ്ഡലേശ്വർ പദവി ലഭിച്ച സ്വാമി ആനന്ദവനം ഭാരതി വടക്കുംനാഥ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്. പ്രയാഗ്രാജ് കുംഭമേളയിൽ പങ്കെടുത്ത മഹാ മണ്ഡലേശ്വർ ആനന്ദവനം ഭാരതിക്ക് ക്ഷേത്ര പരിസരത്ത് വച്ച് നേരത്തെ സ്വീകരണം നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ ശ്രീമൂല സ്ഥാനത്ത് സ്വീകരണം നൽകാൻ ആവില്ലെന്ന് ദേവസ്വം ബോർഡ് ഇന്നലെ സംഘാടകരെ അറിയിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ വിഎച്ച്‌പി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. സംഘർഷ സാധ്യത മുന്നിൽകണ്ട് പൊലീസും സ്ഥലത്തെത്തി.


വിശ്വ ഹിന്ദു പരിഷത് ആനന്ദവനം ഭാരതിയെ സ്വീകരിക്കാൻ ക്ഷേത്ര പരിസരം വിട്ടുനൽകണമെന്ന് അറിയിച്ചിരുന്നെങ്കിലും നൽകിയില്ല. വിശ്വ ഹിന്ദു പരിഷത് എന്ത് കാര്യങ്ങൾ ആവശ്യപ്പെട്ടാലും നടന്നാൽ അത് നിഷേധിക്കുന്ന സമീപനമാണ് ദേവസ്വം ബോർഡിൻ്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നതെന്നാണ് പ്രതിഷേധക്കാരുടെ പക്ഷം.





SCROLL FOR NEXT