NEWSROOM

ഇന്ന് അവസാന ടേക്ക് ഓഫ്; വിസ്താര ഇനി എയര്‍ ഇന്ത്യയില്‍

ഏകീകൃത എയര്‍ലൈനില്‍ 25.1 ശതമാനം ഓഹരികള്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് കൈവശംവെക്കും.

Author : ന്യൂസ് ഡെസ്ക്

സ്വന്തം ബ്രാന്‍ഡില്‍ വിസ്താരയുടെ അവസാനത്തെ സര്‍വീസ് ഇന്ന്. നവംബര്‍ 12 മുതല്‍, വിസ്താരയുടെ പ്രവര്‍ത്തനങ്ങള്‍ എയര്‍ ഇന്ത്യയുമായി ഏകീകരിക്കും. ഇതോടെ എയര്‍ ഇന്ത്യയ്ക്ക് കീഴിലുള്ള ഏകീകൃത സേവനമായി മാറും. 2022 നവംബറിലായിരുന്നു ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ വിസ്താര എയര്‍ ഇന്ത്യയുമായുള്ള ലയനം പ്രഖ്യാപിച്ചത്.

നവംബര്‍ 12 മുതല്‍ വിസ്താര ഇല്ലാതാകുമെങ്കിലും, അതിന്റെ വിമാനങ്ങളും റൂട്ടുകളും ക്രൂവും മാര്‍ച്ച് വരെയെങ്കിലും പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചിരുന്നു. 2024 സെപ്റ്റംബര്‍ 3 മുതല്‍, നവംബര്‍ 12 ന് ശേഷമുള്ള ബുക്കിങ് നടത്താന്‍ സാധിക്കില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു. ലയനം പൂര്‍ത്തിയാകുന്നതോടെ, ഏകീകൃത എയര്‍ലൈനില്‍ 25.1 ശതമാനം ഓഹരികള്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് കൈവശംവെക്കും.

യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കാനാണ് എയര്‍ ഇന്ത്യയുമായുള്ള ലയനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് വിസ്താര സിഇഒ വിനോദ് കണ്ണന്‍ വിശദീകരിച്ചിരുന്നു. വിസ്താര എയര്‍ ഇന്ത്യയുമായി ലയിക്കുന്നതോടെ, കഴിഞ്ഞ 17 വര്‍ഷത്തിനിടെ ഇന്ത്യയിലെ മുഴുവന്‍ സര്‍വീസ് കാരിയറുകളുടെ എണ്ണം അഞ്ചായി ചുരുങ്ങും. വിസ്താരയുടെ ലയനം പൂര്‍ത്തിയാകുന്നതോടെ, ഇന്ത്യയുടെ വ്യോമയാന മേഖലയില്‍ വിദേശ കാരിയറുകളുമായുള്ള സംയുക്ത സംരംഭങ്ങളുടെ നീണ്ട യുഗത്തിന്റെ അവസാനമാകും.


ലയനത്തിനു ശേഷമുള്ള ആദ്യ മാസം വിസ്താരയില്‍ ടിക്കറ്റെടുത്ത 115,000 യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യാം. യാത്രക്കാരുടെ സഹായത്തിനായി വിമാനത്താവളങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌ക് കിയോസ്‌കുകളും സജ്ജീകരിച്ചിട്ടുണ്ടാകും. അതേസമയം വിസ്താര കോണ്‍ടാക്റ്റ് സെന്ററുകള്‍ എയര്‍ ഇന്ത്യയിലേക്ക് മാറ്റും.

വിസ്താരയുടെ തുടക്കം

2012ല്‍ മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരാണ് വിദേശ വിമാനക്കമ്പനികള്‍ക്ക് ആഭ്യന്തര വിമാനക്കമ്പനിയില്‍ 49% വരെ ഓഹരികള്‍ വാങ്ങാന്‍ അനുമതി നല്‍കിയത്. ഗള്‍ഫ് വിമാനക്കമ്പനിയായ ഇത്തിഹാദില്‍ നിന്ന് ജെറ്റ് എയര്‍വേയ്സിന് 24% ഓഹരി ലഭിക്കുന്നതിനും എയര്‍ഏഷ്യ ഇന്ത്യയുടെയും വിസ്താരയുടെയും ആവിര്‍ഭാവത്തിനും ഇത് കാരണമായി. ഇന്ത്യന്‍ ആകാശത്ത് കഴിഞ്ഞ ദശകത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ഒരേയൊരു പൂര്‍ണ്ണ സേവന കാരിയര്‍ ആയിരുന്നു വിസ്താര.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ജെറ്റ്‌ലൈറ്റ്, കിങ്ഫിഷര്‍ എയര്‍ലൈനുകളും പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. ജെറ്റ് എയര്‍വെയ്സിന്റെ കുറഞ്ഞ നിരക്കിലുള്ള ഉപസ്ഥാപനമായിരുന്നു ജെറ്റ്ലൈറ്റ്. ജെറ്റ് എയര്‍വേയ്സ് വാങ്ങുന്നതുവരെ എയര്‍ സഹാറ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് 2019 ല്‍ ജെറ്റ് എയര്‍വെയ്‌സ് പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. 25 വര്‍ഷത്തെ സേവനത്തിനു ശേഷമായിരുന്നു ഈ വിരാമം.

സിങ്കപ്പൂര്‍ എയര്‍ലൈന്‍സിന് 49 ശതമാനം ഓഹരിയും ടാറ്റാ ഗ്രൂപ്പിന് 51 ശതമാനം ഓഹരിയുമുള്ള വിസ്താര 2015 ലാണ് ആരംഭിച്ചത്. ഇന്ത്യയിലെ ആഭ്യന്തര സര്‍വീസ് റൂട്ടുകളില്‍ ആദ്യമായി പ്രീമിയം എക്കണോമി സീറ്റുകള്‍ കൊണ്ടുവന്നത് വിസ്താരയാണ്.

SCROLL FOR NEXT