NEWSROOM

"സംസ്കാരശൂന്യൻ, അമേരിക്കാ- വിരുദ്ധൻ"; ചെരിപ്പിടാതെ ഇൻ്റർവ്യൂവിൽ പങ്കെടുത്ത വിവേക് രാമസ്വാമിക്കെതിരെ വംശീയാധിക്ഷേപം

സ്വന്തം വീട്ടില്‍ വച്ച് ചെരിപ്പോ, സോക്സോ ധരിക്കാതെ ഒരു ഇന്‍റർവ്യൂവില്‍ പങ്കെടുക്കുന്ന പഴയ ഒരു വീഡിയോയുടെ ക്ലിപ്പുകൾ പങ്കുവച്ച് കൊണ്ടാണ് വിവേകിനെതിരെ വംശീയാധിക്ഷേപം നടക്കുന്നത്

Author : ന്യൂസ് ഡെസ്ക്

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഉറച്ച പിന്തുണക്കാരനും ഒഹായോ ഗവർണർ സ്ഥാനാർഥിയുമായ വിവേക് രാമസ്വാമിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വംശീയാധിക്ഷേപം. ചെരിപ്പിടാതെ ഇൻ്റർവ്യൂവിൽ പങ്കെടുത്തതിനാണ് വിവേക് രാമസ്വാമിക്കെതിരെ അധിക്ഷേപം രൂക്ഷമാകുന്നത്.

കഴിഞ്ഞ വർഷം ഒരു ലൈവ് സ്ട്രീമിനിടെ റെക്കോർഡ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് കാരണമാകുന്നത്. സ്വന്തം വീട്ടില്‍ വച്ച് ചെരിപ്പോ, സോക്സോ ധരിക്കാതെ ഒരു ഇന്‍റർവ്യൂവില്‍ പങ്കെടുക്കുന്ന പഴയ ഒരു വീഡിയോയുടെ ക്ലിപ്പുകൾ പങ്കുവച്ച് കൊണ്ടാണ് വിവേകിനെതിരെ വംശീയാധിക്ഷേപം നടക്കുന്നത്.

ഇൻ്റർവ്യൂ ചെയ്യുന്ന ആളുടെ മുന്നിൽ ചെരുപ്പിടാതെ വിവേക് ഇരിക്കുന്ന വീഡിയോ പങ്കുവെച്ച് അപരിഷ്കൃതൻ, അമേരിക്കാ വിരുദ്ധൻ തുടങ്ങിയ വിമർശനങ്ങളാണ് വിവേക് രാമസ്വാമിക്കെതിരെ ഉയരുന്നത്. വിവേക് ഒരിക്കലും ഒഹായോയുടെ ഗവർണറാകില്ല. ഇത് അമേരിക്കയ്ക്ക് സ്വീകാര്യമല്ലെന്നും സമൂഹമാധ്യമങ്ങളിൽ വിമർശിക്കപ്പെടുന്നുണ്ട്. വിവേകിൻ്റെ ഇന്ത്യൻ വംശപാരമ്പര്യത്തെ ആക്ഷേപിച്ചുകൊണ്ടുള്ള കമൻ്റുകളായിരുന്നു മിക്കതും. എന്നാൽ ചിലര്‍ വിവേകിനെ പിന്തുണച്ച് കൊണ്ടും രംഗത്തെത്തി. ഞങ്ങളും സ്വന്തം വീട്ടിനുള്ളിൽ ചെരിപ്പുകൾ ഉപയോഗിക്കാറില്ലെന്ന് കുറിച്ചാണ് അവർ വിവേകിന് പിന്തുണ നൽകിയത്.

ആദ്യം ട്രംപിനെതിരെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിന് വേണ്ടി പോരാടിയ വിവേക് രാമസ്വാമി പിന്നീട് ട്രംപിനെ പിന്തുണച്ചിരുന്നു. ട്രംപിന്‍റെ രണ്ടാം വിജയത്തിന് പിന്നാലെ ഇലോണ്‍ മസ്കിനൊപ്പം ഡോജിന്‍റെ തലവനായി നിയമിതനായി. എന്നാല്‍, അദ്ദേഹം തന്നെ പിന്നീട് ആ നേതൃത്വത്തില്‍ നിന്നും ഒഴിഞ്ഞിരുന്നു. അടുത്തിടെയാണ് വിവേക് രാമസ്വാമി ഒഹായോ ഗവർണർ സ്ഥാനാർഥിയായി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

SCROLL FOR NEXT