NEWSROOM

വിഴിഞ്ഞം 'പോർട്ടുകളുടെ പോർട്ടായ മദർ പോർട്ട്'; ദീർഘനാളത്തെ സ്വപ്നം യാഥാർഥ്യമായെന്ന് മുഖ്യമന്ത്രി

നാടിൻ്റെ വികസന ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെടുന്ന പദ്ധതിയാണെന്ന് വി.എൻ. വാസവൻ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

കേരളത്തിൻ്റെ വികസന അധ്യായത്തിലെ പുതിയ ഏട് ആരംഭിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്തെ വൻകിട തുറമുഖങ്ങളിലൊന്നാണ് വിഴിഞ്ഞത്ത് യാഥാർഥ്യമായത്. ഇത്തരം തുറമുഖങ്ങൾ ലോകത്ത് വിരലിലെണ്ണാവുന്നതേയുള്ളൂ. ലോകത്തെ ഏറ്റവും വലിയ കപ്പലുകൾക്ക് ബർത്ത് ചെയ്യാൻ കഴിയുന്ന ഇടമായി വിഴിഞ്ഞം മാറുന്നു എന്നതാണ് പ്രത്യേകത. ട്രയൽ റൺ ആണെങ്കിലും വിഴിഞ്ഞം തുറമുഖത്തിൻ്റെ ഓപ്പറേഷൻ ഇതോടെ ആരംഭിക്കുന്നെന്നും പദ്ധതിയിലൂടെ കേരളം ലോകശ്രദ്ധ നേടിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിൻ്റെ ട്രയൽ റൺ ഉദ്ഘാടനം കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിൻ്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍, ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാൽ, ഫിഷറീസ് മന്ത്രി സജി ചെറിയാൻ, ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ, പട്ടികജാതി-പട്ടിക ക്ഷേമവകുപ്പ് മന്ത്രി ഒ.ആര്‍. കേളു, രാജ്യസഭാ എം.പി. എ.എ. റഹീം, തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍, കോവളം എംഎല്‍എ. എം. വിന്‍സെൻ്റ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തിരുവനന്തപുരം എംപി ശശി തരൂർ ചടങ്ങ് ബഹിഷ്കരിച്ചു. പ്രതിപക്ഷവും ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുകയാണ്.

"2028 ഓടെ വിഴിഞ്ഞം സമ്പൂർണ തുറമുഖമായി മാറും. 10,000 കോടിയുടെ നിക്ഷേപത്തിന് വഴിവെച്ചാണ് ഈ വികസനം സാധ്യമാകുന്നത്. രണ്ടും മൂന്നും നാലും ഘട്ടങ്ങൾ കൂടി പൂർത്തിയാകേണ്ടതുണ്ട്. തുറമുഖം പൂർണതോതിൽ പ്രവർത്തന സജ്ജമാകുന്നതോടെ അയ്യായിരത്തിലധികം തൊഴിലവസരങ്ങളാണ് നേരിട്ട് ലഭ്യമാകുന്നത്. ഇതിലൂടെ തുറമുഖാധിഷ്ഠിത തൊഴിലവസരങ്ങൾ കൂടും. 50 കോടി രൂപ ചെലവിൽ ട്രെയിനിങ് സെൻ്റർ ഒരുക്കുന്നതിലൂടെ കൂടുതൽ യുവാക്കൾക്ക് തൊഴിൽ ലഭ്യമാകും. സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി ധാരാളം പദ്ധതികൾ ഉൾപ്പെടുത്തേണ്ടതുണ്ട്.കേരളം രാജ്യത്തിനാകെ നൽകുന്ന സംഭാവനയും സമ്മാനവുമാണ് വിഴിഞ്ഞം തുറമുഖം. പദ്ധതി പൂർണതോതിൽസജ്ജമാകുന്നതോടെ രാജ്യത്തെ കണ്ടെയ്നർ ബിസിനസിൻ്റെ കേന്ദ്രമായി കേരളം മാറുമെന്നാണ് കണക്കാക്കപ്പെടുന്നത്. വ്യവസായം, വാണിജ്യം, ടൂറിസം രംഗങ്ങളിൽ വലിയ വികസനത്തിനും സംസ്ഥാനത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്കും വിഴിഞ്ഞം കാരണമാകും എന്നാണ് പ്രതീക്ഷിക്കുന്നത്," മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതി പൂർത്തിയാക്കാൻ കാണിച്ച സഹകരണത്തിന് കരൺ അദാനിക്കും പ്രസംഗവേളയിൽ മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി. വിഴിഞ്ഞം യാഥാർഥ്യമാകാൻ വേണ്ടി എൽഡിഎഫ് നടത്തിയ സമരങ്ങളും അദ്ദേഹം ഓർമപ്പെടുത്തി. ആദ്യ കണ്ടെയ്നർ മദർഷിപ്പ് വ്യാഴാഴ്ചയാണ് വിഴിഞ്ഞത്ത് എത്തിയത്. ലോകത്തെ രണ്ടാമത്തെ വലിയ ഷിപ്പിങ് കമ്പനിയായ മേസ്ക്കിൻ്റെ ഉടമസ്ഥതയിലുള്ള സാൻഫെർണാണ്ടോ മദർഷിപ്പാണിത്. 2000 കണ്ടെയ്നറുകൾ തുറമുഖത്തിറക്കിയ ശേഷം കപ്പൽ നാളെ രാവിലെയോടെ തുറമുഖം വിടും. നാളെ ഫീഡർ കപ്പലുകൾ എത്തുന്നതോടെ ട്രാൻസ്ഷിപ്മെൻ്റിനും തുടക്കമാകും.

ഇന്നലെ വാട്ടർ സല്യൂട്ട് നൽകിയാണ് കപ്പലിനെ സ്വീകരിച്ചത്. ചെണ്ട കൊട്ടിയും ദേശീയപതാക വീശിയുമാണ് പ്രദേശവാസികൾ കപ്പലിനെ വരവേറ്റത്. മദർഷിപ്പിൻ്റെ നിയന്ത്രണം തുറമുഖത്തിൻ്റെ ക്യാപ്റ്റൻ ഏറ്റെടുത്തു. വ്യാഴ്യാഴ്ച രാവിലെ 7.30 ഓടെ കപ്പൽ തുറമുഖത്തിൻ്റെ ഔട്ടർ ഏരിയയിൽ നിന്നു പുറപ്പെട്ടിരുന്നു. കപ്പലിനെ സ്വീകരിക്കാനായി ഔട്ടർ ഏരിയയിലേക്ക് പുറപ്പെട്ട ടഗ് ബോട്ടുകൾക്കൊപ്പമാണ് സാൻ ഫെർണാണ്ടോ കരയ്‌ക്കെത്തിയത്. സിയാമെൻ തുറമുഖത്തു നിന്ന് പുറപ്പെട്ട കപ്പൽ എട്ട് ദിവസം കൊണ്ടാണ് വിഴിഞ്ഞത്തേക്ക് എത്തിയത്.

SCROLL FOR NEXT