ആർച്ച് ബിഷപ്പ് യൂജിൻ പെരേര 
NEWSROOM

വിഴിഞ്ഞം തുറമുഖ പദ്ധതി: കേന്ദ്രത്തെ വാഴ്ത്തി ലത്തീൻ സഭ; വിഴിഞ്ഞത്തേക്ക് സംസ്ഥാന സർക്കാർ ക്ഷണിച്ചില്ലെന്നും ആരോപണം

കേന്ദ്ര ഫിഷറീസ് മന്ത്രി ജോർജ് കുര്യൻ ജനകീയ സമീപനമാണ് സ്വീകരിച്ചതെന്നും തിരുവനന്തപുരം ആർച്ച് ബിഷപ്പ് യൂജിൻ പെരേര

Author : ന്യൂസ് ഡെസ്ക്

വിഴിഞ്ഞം ട്രയൽ റൺ ഉദ്ഘാടനത്തിന് പിന്നാലെ തുറമുഖ പദ്ധതിയിൽ കേന്ദ്ര സർക്കാരിനെ വാഴ്ത്തി ലത്തീൻ സഭ. ഉദ്ഘാടന ചടങ്ങിലേക്ക് ക്രൈസ്തവ സഭയിലെ ആരേയും ഔദ്യോഗികമായി വിളിച്ചിരുന്നില്ലെന്ന് തിരുവനന്തപുരം ആർച്ച് ബിഷപ്പ് യൂജിൻ പെരേര ആരോപിച്ചു. സംസ്ഥാന സർക്കാർ മത്സ്യതൊഴിലാളിക്ക് നൽകിയ വാഗ്ദാനം പാലിച്ചിട്ടില്ല. എന്നാൽ മുതലപ്പൊഴിയിൽ പോലും പ്രശ്നം പരിഹരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാണ്. സംസ്ഥാന സർക്കാർ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നും ആർച്ച് ബിഷപ്പ് യൂജിൻ പെരേര വിമർശിച്ചു. കേന്ദ്ര ഫിഷറീസ് മന്ത്രി ജോർജ് കുര്യൻ ജനകീയ സമീപനമാണ് സ്വീകരിച്ചതെന്നും തിരുവനന്തപുരം ആർച്ച് ബിഷപ്പ് യൂജിൻ പെരേര കൂട്ടിച്ചേർത്തു.

വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിൽ ക്രൈസ്തവ സഭയുടെ പേര് വെച്ചിരുന്നെങ്കിലും ക്ഷണിച്ചിരുന്നില്ലെന്നാണ് ആർച്ച് ബിഷപ്പിൻ്റെ ആരോപണം. വിഴിഞ്ഞം സമരത്തോടെയാണ് ലത്തീൻ കത്തോലിക്ക സഭയും സംസ്ഥാന സർക്കാരുമായുള്ള പ്രശ്നങ്ങൾ ആരംഭിക്കുന്നത്.

അതേ സമയം വിഴിഞ്ഞം തുറമുഖത്തെ ആദ്യ ട്രയൽ റൺ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിലെ മുഖ്യാതിഥിയായി. ദീർഘകാലത്തെ സ്വപ്നം യാഥാർത്ഥ്യമായിരിക്കുന്നെന്നും ഇത് രാജ്യത്തിന് തന്നെ അഭിമാനകരമായ മുഹൂർത്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 2028 ഓടെ സമ്പൂർണ്ണ തുറമുഖമായി വിഴിഞ്ഞം മാറും. അദാനി ഗ്രൂപ്പ് പൂർണമായും സഹകരിക്കാൻ തയ്യാറായിട്ടുണ്ട്. ധാരാളം പദ്ധതികൾ വിഴിഞ്ഞത്ത് നടപ്പാക്കേണ്ടതുണ്ട്. 5,000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.



SCROLL FOR NEXT