NEWSROOM

അന്നയുടെ മരണം: ധനമന്ത്രിയുടെ പ്രസ്താവന യുവാക്കളോടുള്ള അവഹേളനം, ജനങ്ങളുടെ പ്രശ്നം പരിഹരിക്കാനുള്ള ഉത്തരവാദിത്തം ദൈവത്തിനല്ല: വി.കെ. സനോജ്

തൊഴിൽ പീഡനങ്ങൾ വർധിക്കുന്നതിന് കാരണം ട്രേഡ് യൂണിയൻ സംവിധാനത്തെ തകർക്കുന്നതു കൊണ്ടാണെന്നും വി.കെ. സനോജ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

അന്ന സെബാസ്റ്റ്യൻ്റെ മരണത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ്റെ പ്രസ്താവനയ്ക്ക് എതിരെ ഡിവൈഎഫ്ഐ. നിർമല സീതാരാമൻ നടത്തിയത്, യുവാക്കളോടുള്ള അവഹേളനം നിറഞ്ഞ പ്രസ്താവനയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു. ദൈവത്തിനല്ല തെരഞ്ഞെടുക്കപ്പെട്ട ഗവൺമെൻ്റിനാണ് ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഉത്തരവാദിത്തം. തൊഴിൽ പീഡനങ്ങൾ വർധിക്കുന്നതിന് കാരണം ട്രേഡ് യൂണിയൻ സംവിധാനത്തെ തകർക്കുന്നതിനാലാണെന്നും വി.കെ. സനോജ് പറഞ്ഞു. എല്ലാ ബ്ലോക്ക് തലത്തിലും കോർപ്പറേറ്റ് തൊഴിൽ ചൂഷണത്തിനെതിരെ ഡിവൈഎഫ്ഐ ഇന്നു പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്നയുടെ മരണത്തിനു പിന്നാലെ കേന്ദ്ര മന്ത്രി നിർമല സീതാരമൻ നടത്തിയ പ്രസ്താവന ഏറെ ചർച്ചകൾക്കിടയാക്കിയിരുന്നു. ജോലി സമ്മർദത്തെ എങ്ങനെ നേരിടണമെന്ന് വീടുകളില്‍ നിന്ന് പഠിപ്പിച്ച് കൊടുക്കണമെന്നും, ദൈവത്തെ ആശ്രയിച്ചാലേ സമ്മർദങ്ങളെ നേരിടാനാകൂവെന്നുമാണ് കേന്ദ്ര മന്ത്രി പറഞ്ഞത്. മന ശക്തി വർധിപ്പിക്കാനുള്ള വഴികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുടുംബങ്ങളിലും പഠിപ്പിച്ചാൽ, സമ്മർദത്തെ അതിജീവിക്കാനാകുമെന്നും നിർമല പറഞ്ഞിരുന്നു. ഇതാണ് വിവാദത്തിനിടയാക്കിയത്. 

കോർപ്പറേറ്റ് പശ്ചാത്തലമുള്ള ധനമന്ത്രിയിൽ നിന്ന് വന്ന പ്രസ്താവനയിൽ അത്ഭുതമില്ലെന്നും മന്ത്രി എം.ബി രാജേഷും പ്രതികരിച്ചിരുന്നു. കോർപ്പറേറ്റ് ജോലിയെക്കാൾ ലാഭമാണ് രാഷ്ട്രീയം എന്ന് മനസിലാക്കി വന്നയാളാണ് ധനമന്ത്രി. മാതാപിതാക്കൾ തുടങ്ങിവച്ച പോരാട്ടത്തിന് സംസ്ഥാന സർക്കാർ പിന്തുണ നൽകുമെന്നും,  വിഷയം തൊഴിൽ വകുപ്പ് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

SCROLL FOR NEXT